തിരുവനന്തപുരം: കൂറ്റൻ ചില്ലുപാലത്തിലൂടെ നടക്കുമ്പോൾ വിള്ളൽ വീണാലോ?!. പേടിക്കേണ്ട, ആക്കുളത്ത് വിനോദസഞ്ചാരവകുപ്പ് നിർമിക്കുന്ന ചില്ലുപാലത്തിലെ അനുഭവങ്ങളിലൊന്നാണിത്. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ അഡ്വഞ്ചർ പാർക്കിൽ 75 അടി ഉയരത്തിൽ നിർമിക്കുന്ന ഈ ചില്ലുപാലത്തിന് മുകളിലൂടെ നടക്കാൻ നല്ല ധൈര്യം വേണം. പാലത്തിലെ ചില്ലിൽ സ്ഥാപിച്ചിട്ടുള്ള എൽഇഡി സ്ക്രീനിന്റെ സഹായത്തോടെയാണ് വിള്ളൽ വീഴുന്ന കാഴ്‌ച സൃഷ്‌ടിക്കുന്നത്. സഞ്ചാരികളെ ത്രസിപ്പിക്കാൻ ചില്ല് പാളി തകരുന്നതുപോലുള്ള ശബ്‌ദവുമുണ്ടാകും. പാലത്തിൽ കൃത്രിമ മഞ്ഞും ചാറ്റൽ മഴയും സൃഷ്‌ടിക്കാനും സംവിധാനമുണ്ട്. നിർമാണം ആക്കുളത്ത് പുരോഗമിക്കുകയാണ്.
ഈ മാസം 14ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ചില്ലുപാലം നാടിന് സമർപ്പിക്കാനാണ് തീരുമാനം. 75 മീറ്ററാണ് നീളം. ടൂറിസ്റ്റ് വില്ലേജിലെ വെള്ളച്ചാട്ടം മുതൽ എയർഫോഴ്‌സ് മ്യൂസിയം വരെയാണ് പാലം നിർമിക്കുന്നത്. 2022 നവംബറിലാണ് ആക്കുളം സാഹസിക വിനോദ സഞ്ചാര പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്‌തത്. രണ്ടാംഘട്ട പദ്ധതികളുടെ ഭാഗമായാണ് പാലം വരുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും യുവജന സഹകരണ സ്ഥാപനമായ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് നടത്തിപ്പും പരിപാലനവും.
Comments are closed.