അന്വേഷണം നടക്കുന്നതിനിടെ മുങ്ങിയ ഹൈറിച്ച് ദമ്പതികളെ പിടികൂടാൻ പൊലീസ് സഹായം തേടി ഇ.ഡി: ഇ.ഡി നീക്കം ചോർത്തി നൽകി പ്രതികൾക്ക് രക്ഷപ്പെടാൻ പോലീസ് സൗകര്യം ഒരുക്കിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര

തൃശൂർ: കോടിക്കണക്കിന് രൂപയുടെ ഹവാലകടത്ത് കേസിൽ ഇ.ഡി അന്വേഷണം നടക്കുന്നതിനിടെ മുങ്ങിയ ഹൈറിച്ച് ദമ്പതികളെ പിടികൂടാൻ പൊലീസ് സഹായം തേടി ഇ.ഡി. പ്രതികളെ പിടികൂടാൻ സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു. ഓൺ​ലൈൻ മണിചെയിൻ കമ്പനിയായ ‘ഹൈറിച്ച്’ എം.ഡി കെ.ഡി. പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് ഇ.ഡിയെ വെട്ടിച്ച് രക്ഷപ്പെട്ടത്.
കണിമംഗലം വലിയാലുക്കലിലെ പ്രതാപന്റെ വീട്ടിലും ചേർപ്പ് വല്ലച്ചിറ ഞെരുവിശേരിയിലെ ഹൈ റിച്ച് കമ്പനി ആസ്ഥാനത്തുമായിരുന്നു ഇന്നലെ രാവിലെ പത്ത് മണിയോടെ ഇ.ഡി റെയ്ഡിനെത്തിയത്. അതീവ രഹസ്യമായാണു റെയ്ഡ് ആസൂത്രണം ചെയ്തതെങ്കിലും വിവരം ചോർന്നു. ഇതോടെ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് ഇരുവരും ​ഡ്രൈവർക്കൊപ്പം മുങ്ങുകയായിരുന്നു.

ചേർപ്പ് പൊലീസ് ഇ.ഡി നീക്കം ചോർത്തി നൽകി പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. ഹൈറിച്ച് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപതട്ടിപ്പാണെന്നും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകിയ തൃശ്ശൂർ റൂറൽ പൊലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണ​മെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

Comments are closed.