പേര് പോലെ തന്നെ അത്ഭുതമായി കിടക്കുന്ന തിരുനൽവേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്തുള്ള തേറി കുടിയിരുപ്പ് ( ഗൂഗിൾ മാപ്പിൽ തെറിക്കാട് എന്ന് കാണുന്ന )
ഈ സ്ഥലം തമിഴ് സിനിമകളിലൂടെ പലരും കണ്ടിരിക്കും…. എന്നാൽ ഈ സ്ഥലത്തെ കുറിച്ച് അധികപേർക്കും അറിയില്ലെന്ന് തോന്നുന്നു .
മരുഭൂമി എന്നാൽ പലരുടെയും കാഴ്ചപ്പാടിൽ വരണ്ടു കിടക്കുന്നു ഒരു പ്രദേശം ആയിട്ടാണ് തോന്നാർ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇത്തരമൊരു മരുഭൂമി ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന വിവരം എത്ര പേർക്ക് അറിയാം ?? .
ഈ ചുവന്ന ഭൂമികയിൽ വരൾച്ച ബാധിക്കാത്ത ഒത്തിരി സസ്യലതാദികളും, പക്ഷികളും, ചെറിയ ഇനം ഉരഗങ്ങളും അദിവസിക്കുന്ന ചുവന്നു തുടുത്ത ഈ മരുഭൂമിയുടെ യഥാർത്ഥ പേര് തേറി കുടിയിരുപ്പ് എന്നാണ് .
അത്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്ന മരുഭൂമികൾ നിഗൂഢതകളുടെ പര്യായമെന്നോണം പല കാഴ്ചകളും ഒളിപ്പിച്ചുവെക്കുന്ന ഒരു ചെറിയ മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.
ആ ചുവന്ന ഭൂമിക തേടിയുള്ള യാത്രയിലാണ് ഞാനും റഹീമും ഇപ്പോൾ.
ഞായറാഴ്ച ടീം എല്ലാഗോയുടെ ആലപ്പുഴ ബോട്ടിംഗ് കഴിഞ്ഞു രാഹുലിന്റെ കൂടെ കാറിൽ ഏറ്റുമാനൂരിലേക്ക് തിരിച്ചു. രാഹുലും ഫാമിലിയും എന്നെ ബസ്റ്റാന്റിൽ ഡ്രോപ്പ് ചെയ്തു അവർ വീട്ടിലേക്ക് തിരിച്ചു. അപ്പഴാണ് റഹീമിന്റെ വിളി വരുന്നത്. അവന് വേണ്ടി ഏറ്റുമാനൂർ ബസ്റ്റാന്റിൽ കുറെ സമയം കാത്തിരുന്നു…….അവസാനം ആളെത്തി . അങ്ങിനെ രണ്ടു പേരും കൂടി കോട്ടയം ബസ്സ് പിടിച്ചു. റെയിൽവേ സ്റ്റേഷനിൽ ചെന്ന് 8-40 ന് ഉള്ള പാലരുവി സ്പ്രെസ്സിന് തെങ്കാശിയിലേക്ക് രണ്ട് ടിക്കറ്റും എടുത്തു. റെയിൽവേക്ക് പുറത്തിറങ്ങി പെട്ടൊന്ന് ഫുഡ് കഴിച്ചു വന്നു.
അപ്പഴേക്കും പാലരുവി ഫ്ലാറ്റ് ഫോമിൽ എത്തിയിരിക്കുന്നു….. ചാടിക്കേറി ഇരിക്കാൻ ധാരാളം സീറ്റ് ഒഴിഞ്ഞു കിടന്ന എക്സ്പ്രെസ്സിൽ അടിപൊളിയായി ചുരുണ്ടു കൂടി .
വെളുപ്പിന് നാല് മണിയോട് കൂടി തെങ്കാശിയിൽ ട്രെയിനിറങ്ങി… കുറച്ച് സമയവും കൂടി റെയിൽവേയിലെ വിശ്രമത്തിനുശേഷം കാലത്തെ ഫ്രഷ്അപ്പ് എല്ലാം കഴിഞ്ഞു 7 മണിക്ക് ശേഷം തെങ്കാശിയിൽ നിന്നും കുറ്റാലം , സുന്ദരപാണ്ട്യപുരമെല്ലാം കറങ്ങാൻ ഇറങ്ങി ( കുറ്റാലം,സുന്ദരപാണ്ട്യപുരമെല്ലാം വേറൊരു ഭാഗത്തിൽ വിശദമായി എഴുതാം )
കുറ്റാലവും
സുന്ദരപാണ്ഡ്യപുരം നൽകിയ മനോഹര കാഴ്ചകൾക്ക് ശേഷം ബസ്സ് വന്നു നിന്നത് സുറുണ്ടയ് എന്ന സ്ഥലത്ത് ആയിരുന്നു. ഉച്ച ഭക്ഷണവും കഴിച്ചു സ്റ്റാന്റിൽ ഇരിക്കെ തിരുനെൽവേലിയിലേക്കുള്ള ബസ്സ് വന്നു ഇനി തിരുനെൽവേലി പോയി അവിടുന്ന് തൃചെന്ദൂർ, ശേഷം ചുവന്ന ഭൂമിയിലേക്ക് .
തിരുനെൽവേലിയിൽ നിന്നും
തൃച്ചന്തൂർ പോകുന്ന വഴി കുറുമ്പൂർ എന്ന ഗ്രാമത്തിൽ ഇറങ്ങിയാൽ തേറി കുടിയിരുപ്പ് പോകുന്ന ബസ്സ് കിട്ടുമെന്ന് ബസ്സിലെ കണ്ടക്ടർ പറഞ്ഞു. അങ്ങിനെ ഞങ്ങൾ കുറുമ്പൂർ എന്ന ഗ്രാമത്തിൽ ഇറങ്ങി സത്യത്തിൽ ഇവിടെ ഇറങ്ങിയത് ശെരിക്കും പോസ്റ്റായി പോയി. കാരണം അപ്പോഴാണറിയുന്നത് അതുവഴിയുള്ള ബസ് സർവീസ് നിർത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു എന്ന് .
( ചിലർ സത്യം പറയും നമുക്ക് അത് സത്യമായി തോന്നാറില്ല. സംഭവ കഥ : കുറുമ്പൂരിൽ പോസ്റ്റ് ആയി പോവുന്നതിനും മുൻപ്….. സുറുണ്ടയിൽ വെച്ച് ഒരു സാധാരണകാരനായ ഒരാളുമായി ഞാൻ കൂടുതൽ സമയം സംസാരിച്ചിരുന്നു. ബസ്സ് ജീവനക്കാരുടെ കുറെ കഥകൾ അയാൾ പറഞ്ഞു തന്നു കൂട്ടത്തിൽ അയാൾ പറഞ്ഞത് ഈ നിമിഷം ഞാനൊന്ന് ഓർത്തു പോവുകയാണ്….. ഒരാൾ വഴി ചോദിച്ചാൽ ബഹുഭൂരിപക്ഷം വരുന്ന ബസ്സ് ജീവനക്കാരും ശെരിയാ വണ്ണം ഒരാൾക്ക് വഴി പറഞ്ഞു കൊടുക്കാറില്ലത്രേ . ശെരിക്കും ഇവിടെ ഞങ്ങൾ പ്ലിംഗ് ആയി പോയി 🤔 ! ഇതിൽ നമ്മൾ മലയാളികൾ എത്രയോ ഭേദം ആണ് തോന്നിയിട്ടുണ്ട് ✌️. )
നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്…. ഇന്നിനി തേറി കുടിയിരുപ്പ് പോയാൽ അതിലും വലിയ പോസ്റ്റ് ആകും. പിന്നെ കൂടുതലൊന്നും ആലോചിച്ചു നിന്നില്ല ഇത്രെയും ദൂരം വന്നിട്ട് തൃച്ചന്തൂർ കാണാതെ പോകുകയോ ???
അതും ഞങ്ങൾ രണ്ട് പേരും . പരസ്പരം മുഖത്തോട് മുഖം തിരിഞ്ഞിരുന്നു…. നോ !! അടുത്ത വണ്ടിക്ക് തന്നെ തൃച്ചന്തൂർ വെച്ച് പിടിച്ചു.
തൃച്ചന്തൂർ ടൗണിലുള്ള പ്രധാന കാഴ്ചകളിലൊന്നാണ് തൃച്ചന്തൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ( മുരുകൻ കോവിൽ ) സന്ധ്യയോടടുത്തിരിക്കും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്… വാദ്യോപകരണങ്ങളുടെ ശബ്ദവു മെല്ലാം കേൾക്കുന്നു….. അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് തൃച്ചന്തൂർ കോവിലിലെ കോവിൽ തിരുവിഴ നടക്കുക്കയാണ്. ഇന്ന് 7 ആം ദിവസമാണ്, ഇനി ഒരു 3 ദിവസം കൂടി ബാക്കിയുണ്ട് പരിസമാപ്തി കുറിക്കാൻ .
ആഹാ… !! വന്നത് ഏതായാലും ബെസ്റ്റ് ടൈമിൽ !
ആളും ആരവങ്ങളും അരങ്ങേറുന്ന ക്ഷേത്രാങ്കണത്തിലേക്ക് ഞങ്ങൾ നടന്നകന്നു…. പരുപാടികളെല്ലാം വീക്ഷിക്കാനായി എത്തിയിരിക്കുന്ന ജന ബാഹുല്യത്തിലേക്ക് ഞങ്ങൾ രണ്ടുപെരും ഊളിയിട്ടു. വേദിയിൽ ഇന്ന് തിരുവിഴിയുടെ കലാരംഗം വേദിയാണ് അരങ് തകർക്കുന്നത്….. ഏകദേശം ഒരു മണിക്കൂറിലധികം സമയം അതെല്ലാം കണ്ടു കൊണ്ട് ക്ഷേത്രത്തിൻറെ പിൻവശത്തേക്ക് പതിയെ നടന്നു…. അവിടെ അപ്പോൾ അന്നദാനം നടക്കുന്നുണ്ടായിരുന്നു അതിലെല്ലാം പങ്കെടുത്തു ക്ഷേത്രത്തിന് പുറകുവശത്തുള്ള കടൽ തീരത്തേക്ക് നടന്നു.
രാത്രി ഒത്തിരി സമയം കടൽത്തീരത്തോട് സല്ലപിച്ചു കൊണ്ട് അവിടെയും കുറച്ചു സമയം ചിലവഴിച്ചു.
സമയം 9 മണി കഴിഞ്ഞിരിക്കുന്നു മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന oyo റൂമിലേക്ക് മാപ് വെച്ചു നടന്നു. നടന്നു നടന്നു അവിടെ എത്തിയപ്പോഴാണ് അറിയാൻ കഴിയുന്നത് Oyo എട്ടിന്റെ പണി തന്നത്.
ബുക്ക് ചെയ്തിരുന്ന എ സി റൂം ഇപ്പോൾ സീസൺ ടൈം ആയതോണ്ട്
എ സി റൂം ആ റേറ്റിൽ തരാൻ ഓണർക്ക് വിസമ്മതമാണെന്ന്. അവസാനം ഏറെക്കുറെ റൂം എല്ലാം കണ്ടു റൂം ചെക്കിന് ചെയ്യാൻ ഒരുങ്ങുമ്പോൾ പുതിയൊരു ആചാരം കൂടി 200 രൂപ കീ അഡ്വാൻസ് കൊടുക്കണമെത്രെ. അതും ഓൺലൈൻ ബുക്കിങ്ങിന്. ഇങ്ങിനെ ആണേൽ റൂം ചെക്കോട്ട് ചെയ്യുമ്പോൾ ഓണർക്ക് നോക്ക് കൂലി കൂടി കൊടുക്കേണ്ടി വരുമല്ലോ. ഓണറുടെ സകല പിതൃക്കളെയും സ്തുതിച്ചു കൊണ്ട് ഞങ്ങൾ അവിടുന്ന് ഇറങ്ങി
കോപ്പ് ഇവന്റ് അടുത്ത് മാത്രമല്ലോ തൃച്ചെന്തൂരിൽ റൂംസ് ഉള്ളത്. വേറെ ലോഡ്ജ് പിടിക്കാൻ വീണ്ടും നടന്നു. തൃച്ചെന്തൂരിൽ ഒട്ടുമിക്ക ലോഡ്ജുകളും കയറി ഇറങ്ങി അവസാനം ഒരു ലോഡ്ജിൽ റൂം കിട്ടി. റൂം നേരിട്ട് കണ്ട് goibigo വഴി അവിടെ വെച്ച് തന്നെ oyo ക്കാൾ ചീപ്പ് റേറ്റിൽ അതിനേക്കാൾ better റൂം എടുത്തപോഴാണ് എന്റെയും റഹീമിന്റെയും കലിയടങ്ങിയത്.
ഒന്ന് ഫ്രഷായി നേരെ മയങ്ങാൻ കിടന്നു.
കാലത്ത് തൃചെന്ദൂർ ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു. പോകുന്ന വഴി ഓരോ കട്ടനും അടിച്ചു. ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ കായാമൊഴി വഴി പോകുന്ന ബസ്സിൽ കയറി തെറി കുടിയിരിപ്പ് എന്ന സ്ഥലത്ത് ഇറങ്ങി.
അത്യാവശ്യം വേണ്ട വെള്ളവും സ്‌നാക്‌സും വാങ്ങി വെച്ചു.
ഇനി ഇവിടെ നിന്നും 2 കിലോമീറ്റർ അധികദൂരം നടന്നു വേണം അവിടെ എത്താൻ. പോകുന്ന വഴിയെല്ലാം ചുവന്നു തുടുത്തിരിക്കുന്നു മണൽത്തരികൾ കാണാൻ കഴിയും കാളവണ്ടിയുടെ അകമ്പടിയോടു കൂടി പതിയെ നടന്നകന്നു.
പോകുന്ന വഴിയാണ് തമിഴ് സിനിമകൾ ചിത്രീകരിച്ചിരിക്കുന്ന സ്ഥലമാണ് ഇതെന്ന് അറിയാൻ കഴിഞ്ഞത്.
തമിഴ് സിനിമയിൽ #വിശാൽ_അഭിനയിച്ച_താമരഭരണി” എന്ന സിനിമയും, #സൂര്യ_അഭിനയിച്ച_സിങ്കം” എന്ന സിനിമയും, #ജീവ_അഭിനയിച്ച_കോ” സിനിമയും അത്പോലെ
ഒത്തിരി സിനിമകളും ഈ ചുവന്ന മരുഭൂമിയില് വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.
ഒരുപക്ഷെ നമ്മൾ സിനിമയിലൂടെയെല്ലാം കണ്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ പേര് നമുക്ക് കേട്ടുകേൾവി പോലുമില്ലായിരിക്കാം. ഏകദേശം 200/ 300 വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലത്തിന് തേറി കുടിയിരുപ്പ് എന്ന പേര് വന്നിട്ടുണ്ടത്രെ.
പേരിന്റെ കാര്യകാരണങ്ങൾ ഇവിടുത്തെ പഴമക്കാർക്ക് പോലും അറിയില്ലെന്ന് തോന്നുന്നു. എന്നിരുന്നാലും ഇവിടുത്തെ ഒരു കോവിൽ വളരെ പ്രസിദ്ധമാണ് #ശ്രീ_കറുപ്പവേൽ_അയ്യനാർ_കോവിൽ. ഡിസംബർ ലാസ്റ്റ് അവസാനത്തോടുകൂടെ ഈ കോവിൽ തിരുവിഴ ആരംഭിക്കും. ഒത്തിരി തീർത്ഥാടകർ ദിനംപ്രതി ഇവിടെ സന്ദർശിച്ചു പോകുന്നുണ്ട്. ഇതേ റൂട്ടിൽ ഏകദേശം അഞ്ചോളം ക്ഷേത്രങ്ങൾ വേറെയും കാണാൻ കഴിയും.
തമിഴ്നാട്ടിലെ തീരദേശ റൂട്ട് ആയ തൃച്ചന്തൂരിനും, തൂത്ത്കുടിക്കും അടുത്ത് തേറി കുടിയിരുപ്പ് എന്ന സ്ഥലം ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ തെറിക്കാട് എന്നേ കാണാൻ കഴിയൂ.
തൃച്ചേന്തൂരിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായി ,12000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു മരുഭൂമി സമുദ്രനിരപ്പിൽ നിന്നും 15 മീറ്റർ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . ഈ സ്ഥലം തമിഴിൽ ഒത്തിരി സിനിമകൾക്ക് ആധാരമായിട്ടുണ്ട്. ഇവിടുത്തെ പ്രത്യേകത എന്തെന്നാൽ ചുവന്ന മണലാണ്. ഇവിടെ 25 മീറ്റർ ഉയരത്തിൽ വരെ കാറ്റ് മണൽകൂനകൾ സൃഷ്ടിക്കാറുണ്ട്.ഇടക്കു വീശുന്ന കാറ്റിനനുസരിച്ച് ഈ കൂനകളുടെ ഉയരവും വിത്യാസപ്പെട്ടോണ്ടിരിക്കും.
ഇടയ്ക്ക് പച്ചപ്പ് കലർത്തി ചുവന്നു തുടുത്തു സുന്ദരിയായി അങ്ങനെ നീണ്ടു നിവർന്നു കിടക്കുന്ന മരുഭൂമിയിൽ ചുവന്ന മൃദുവായ മണ്ണാണ്. ഇൽമനൈറ്റ്, ഹേമറ്റൈറ്റ്, ഗാർനെറ്റ് ഇവയാൽ സമൃദ്ധമായ മണലാണ് ഇവിടുള്ളത്.ഹേമറ്റെറ്റ് ആണ് മണ്ണിന് ഈ ചുവപ്പു നിറം നൽകുന്നത്.
ചെറിയ മുൾച്ചെടികളും, കുറ്റിച്ചെടികളും അങ്ങിങ്ങായി തല ഉയർത്തി നിൽക്കുന്ന കരിമ്പനകളും
മരുഭൂമിയിലൂടെ പടർന്നു പന്തലിച്ച കശുമാവുകളും, പുളിയും, ഇതര മരങ്ങളും ഇടവിട്ട് കിടക്കുന്ന ഈ ചുവന്ന ഭൂമികയിൽ ഒട്ടകത്തെ നമുക്ക് കാണാൻ കഴിയില്ല…. പകരം വിവിധങ്ങളായ പക്ഷികളും, ചിത്ര ശലഭങ്ങളും, ആടിന് പറ്റവും, മയിലുകളുമെല്ലാം വിരഹിക്കുന്ന ഇവിടുത്തെ മണ്ണിൽ മരുഭൂമിയെ പോലെ നേർത്തതും എന്നാൽ ചവിട്ടിയാൽ താഴ്ന്നു പോകുന്ന രീതിയിലുള്ള മണൽ തരികളല്ല . കല്ലുകളൊന്നും ഇല്ലാത്ത നേർത്ത മണ്ണിന് ഒരടിക്ക് താഴെ ഈർപ്പം തളം പിടിച്ചു കിടക്കുന്ന നേർത്ത മൺ തരികളാണ് . മരുഭൂമിയാണെങ്കിലും, മെയ് – സെപ്തംബർ തെക്കു പടിഞ്ഞാറൻ മൺസൂണിലൂടെ നല്ല മഴ ലഭിക്കുന്ന സ്ഥലമാണിത്.
മെയ് മാസത്തിൽ ചൂട് കഠിനമായിരിക്കും. പൊതുവെ നല്ല കാറ്റ് വീശുന്നത് കൊണ്ട് ഉച്ച സമയത്ത് ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയിൽ ചൂട് കുറവായിരിക്കും. അങ്ങിനെ വിവിധ സീസണുകളിൽ കാറ്റും മഴയും ഇവിടുത്തെ കാഴ്ചകളുടെ അനുവഭത്തെ വിത്യാസ്ഥമാക്കി തീർക്കും .
#കരിമ്പകളുടെ_നാട്ടിൽ_നോക്കത്താ_ദൂരത്തായ്_ചുമന്നു_കിടക്കുന്ന_ഈ_പുതുമോടി #കാഴ്ചകളിൽ_വർണ്ണം_വിരിയിച്ചിറക്കുമെന്നതിൽ_സംശയമില്ല !!.
✍🏻 അബു വി കെ.
#Nb : വിത്യസ്തത ഇഷ്ടപ്പെടുന്നവർ മാത്രം ഇതു വഴി സഞ്ചരിക്കുക… വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർക്ക് ഇത് മടുപ്പുളവാക്കും.
കാടും മേടും കണ്ടുമടുത്തവർക്ക് ഒരു കൈ നോക്കാം
ഭക്ഷണം വെള്ളം എന്നിവ വേണമെങ്കിൽ തേറി കുടിയിരുപ്പ്. കായാമൊഴി എന്നിവിടങ്ങളിൽ നിന്നും വാങ്ങി സൂക്ഷിക്കാം.
#Bus_route_timing
തൃച്ചെന്ദൂരിൽ നിന്നും മണിക്കൂർ ഇടവിട്ട് കായാമൊഴിലേക്ക് ബസ് ലഭ്യമാണ്. കായമൊഴി ഇറങ്ങി തേറികാടിലേക്കും അയ്യനാർ ക്ഷത്രത്തിലേക്കും..3 km നടക്കണം.
കാലത്ത് 8 മണിക്ക് തൃച്ചെന്ദൂരിൽ നിന്ന് തെറി കുടിയിരുപ്പ് വരെ നേരിട്ടുള്ള ആദ്യ ബസ്സ് സർവീസ് ഉണ്ട് . ടിക്കറ്റ് 10 രൂപ
തേറി കുടിയിരുപ്പ് ഇറങ്ങി ഏകദേശം 2 km ദൂരം ഉണ്ട് അയ്യനാർ ക്ഷത്രത്തിലേക്ക്.
രണ്ടു മണിക്കൂർ ഇടവിട്ട് ബസ്സ് സർവീസ് ഉണ്ട് . ഡയറക്റ്റ് ബസ് കാലത്ത് 8 ന്. ശേഷം ഉച്ചക്ക്.
അയ്യനാർ കോവിൽ നിന്നും തിരിച്ച് തൃച്ചെന്ദൂരിലേക്ക് 10.30 am ന്. 1.30 ന് last bus 6pm ന്.
കായാമൊഴി വന്നാൽ തൃച്ചെന്തൂരിലേക്ക് അടിക്കടി ബസ്സ് ഉണ്ടെന്നറിയാൻ കഴിഞ്ഞു.
തൃച്ചെന്തൂരിൽ നിന്നും കായമൊഴി വഴി അയ്യനാർ കോവിൽ വരേയ്ക്കും 15 km.
തൂത്തുകുടിയിൽനിന്നും 42 km ദൂരം ഉണ്ട് തേറി കുടിയിരുപ്പിലേക്ക്
തിരുനെൽവേലിയിൽനിന്നും 50 km ദൂരം ഉണ്ട് തേറി കുടിയിരുപ്പിലേക്ക് (തേറികാട്ടിലേക്ക് )..
✍🏻 അബു വി കെ.
Comments are closed.