മണ്ണിനെ പ്രണയിക്കുന്ന മനുഷ്യര്‍. അതാണ് ഇടുക്കിയിലെ വട്ടവട ഗ്രാമം. അവര്‍ക്ക് കൃഷിയല്ലാതെ മറ്റൊരു ലോകമില്ല. പുലരുമ്പോള്‍ മുതല്‍ അന്തിയാവോളം പ്രകൃതിയോട് പടവെട്ടി മണ്ണില്‍ ജീവിതം നയിക്കുന്നവര്‍.
മൂന്നാറില്‍ നിന്ന് 40 കിലോമീറ്റര്‍ മാറി
സമുദ്ര നിരപ്പില്‍ നിന്ന് ആറായിരത്തി അഞ്ഞൂറ് അടി ഉയരത്തിലാണ് സഞ്ചാരികളുടെ ശ്രദ്ധ ഏറെ പതിഞ്ഞിട്ടില്ലാത്ത വട്ടവട ഗ്രാമം നില കൊള്ളുന്നത്.
മലകള്‍ക്ക് നടുവില്‍ തട്ടുതട്ടായി ഭൂമി ഒരുക്കി കൃഷി ചെയ്യുന്ന കാഴ്ച വളരെ മനോഹരമാണ്.
പരമ്പരാഗത കൃഷികളും ജൈവ കൃഷി രീതികളും ഇപ്പോഴും പിന്തുടരുന്നു. ക്യാരറ്റ്, ബീന്‍സ്, ക്യാബേജ്, കോളി ഫ്‌ളവര്‍, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, സ്‌ട്രോബറി, തക്കാളി എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു.
ധാരാളം സൂര്യ പ്രകാശം ലഭിക്കുന്ന ഇവിടെ ശൈത്യകാലത്തു പോലും താപനില അസഹനീയമായ നിലയില്‍ താഴാറില്ല. പച്ചക്കറി കൃഷി ചെയ്യുന്ന താഴ്‌വാരങ്ങള്‍ക്കപ്പുറം യൂക്കാലി, പൈന്‍ തുടങ്ങിയ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു. വ്യത്യസ്ത നിറങ്ങളിലും വലുപ്പത്തിലുമുള്ള അപൂര്‍വ്വ ചിത്രശലഭങ്ങളുടെയും പക്ഷികളുടെയും താവളമാണ് ഈ മനോഹരഗ്രാമം.
ട്രക്കിംഗിനും അനുയോജ്യമായ പ്രദേശമാണിത്. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കിംഗ് നടത്താം. കൊടൈക്കനാല്‍, മാട്ടുപെട്ടി, ടോപ്‌സ്റ്റേഷന്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് കാനനപാതകളുണ്ട്.
മലനിരകളിലൂടെ സാഹസികമായ ജീപ്പ് സഫാരി, ബൈക്ക് യാത്ര, കാനനത്തിനുള്ളില്‍ താമസം തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി വട്ടവട ഒട്ടേറെ അനുഭവങ്ങള്‍ കാത്തു വച്ചിരിക്കുന്നു. ഈ മേഖലയിലെ സ്വകാര്യ സംരംഭകരാണ് ഇതിനാവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നത്.
വട്ടവടയിലെ തദ്ദേശീയരിലേറെയും ഗിരിവര്‍ഗക്കാരാണ്. അവരുടെ ജീവിതശൈലി, കലാരൂപങ്ങള്‍, ഭാഷ, ഒറ്റമൂലികള്‍ എന്നിവ ഏറെ താല്‍പര്യമുണര്‍ത്തുന്നു.
Comments are closed.