മൂന്നാർ യാത്ര: അറിയേണ്ടതെല്ലാം

മൂന്നാർ വരാൻ ആഗ്രഹിക്കുന്ന പലരും അന്വേഷിക്കുന്ന സ്പോട്ടുകളെ കുറിച്ചുള്ള സംശയങ്ങൾക്ക്‌ എന്റെ യാത്രകളിൽ നിന്നും കിട്ടിയ അറിവുകൾ വെച്ച് കുറച്ചു കാര്യങ്ങൾ പങ്കുവെയ്ക്കുന്നു. പ്രധാനമായും നിങ്ങൾ മൂന്നാറിൽ വരുമ്പോൾ പോകുന്ന രണ്ടു റൂട്ടുകൾ ആണ് ടോപ്സ്റ്റേഷൻ, വട്ടവട റൂട്ടും, മറയൂർ,കാന്തല്ലൂർ റൂട്ടും. ഇത് കൂടാതെ മൂന്നാമത് ഒരു റൂട്ട് കൂടിയുണ്ട്.ദേവികുളം,തേക്കടി റൂട്ട്.

വട്ടവട റൂട്ടിൽ എല്ലാ സ്പോട്ടുകളും പോകുന്ന വഴികളിൽ തന്നെയാണ്. റോസ് ഗാർഡൻ,കാർമൽ ഗിരി elephant park, കാർമൽഗിരി ബൊട്ടാണിക്കൽ ഗാർഡൻ, ഫോട്ടോ പോയിന്റ്, മാടുപ്പെട്ടി ഡാം, ബോട്ടിങ് പോയിന്റ്,എക്കോ പോയിന്റ്, കുണ്ടള ഡാം, എല്ലപ്പെട്ടി വഴി ടോപ് സ്റ്റേഷൻ..അവിടുന്ന് വട്ടവട(കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള കാർഷികഗ്രാമം ആണ്.. ഓരോ സീസൺ അനുസരിച്ചുള്ള കൃഷികൾ കാണാനും വിളവുകൾ വാങ്ങാനും സാധിക്കും)പഴത്തോട്ടം,ചിലന്തിയാർ ഫാൾസ് അങ്ങനെ ആ റൂട്ടിൽ ഇത്രയും സ്ഥലം ഒരു ദിവസം കൊണ്ട് കണ്ടു വരാം..

മറയൂർ റൂട്ടിൽ ഇരവികുളം നാഷണൽ പാർക്ക് ( രാജമലയിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും കൂടുതൽ വരയാടുകൾ ഉള്ള സ്ഥലം.ഇവിടേക്ക് നമ്മുടെ വണ്ടി പാർക്ക് ചെയ്ത് ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ മിനി ബസ്സിൽ വേണം പോകാൻ..200 രൂപ ആണ് മുതിർന്നവർക്ക് ഉള്ള എൻട്രൻസ് ഫീ..വെറുതെ പോയി സമയം നഷ്ടമാകും,പൈസ പോകും, ചിലപ്പോൾ ആടിനെ കാണാൻ പറ്റില്ല എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്.വരയാടുകളെ കാണുന്നത് ഭാഗ്യം പോലെ ഇരിക്കും,എങ്കിലും ആ യാത്ര ഒരു അനുഭവം ആണ്.. ചെറിയ കാടിന്റെ നടുവിലൂടെ,തേയിലത്തോട്ടത്തിന്റെ നടുവിലൂടെ, വെള്ളച്ചാട്ടത്തിന്റെ അരികിലൂടെ നമ്മൾ എത്തുന്നത് നമുക്ക് ഏറ്റവും സേഫ് ആയി ആയാസമില്ലാതെ നടന്നു കയറാവുന്ന കേരളത്തിന്റെ ഏറ്റവും ടോപ്പുകളിൽ ഒന്നിലാണ്..കുട്ടികളുമായി പോകുമ്പോൾ ഫുഡും വെള്ളവും കരുതുക..നടന്നു തിരിച്ചു വരുമ്പോൾ വിശപ്പ് ഉറപ്പാണ്..ചെറിയ കോഫി ഷോപ്പ് അവിടെ ഉണ്ട്..ഫുഡോ വെള്ളമോ പ്ലാസ്റ്റിക്ക് ഒന്നും ബസ് സ്റ്റോപ്പിലുള്ള ചെക് പോസ്റ്റ് കഴിഞ്ഞാൽ കടത്തി വിടില്ല..അവിടെയുള്ള ഒരു ഷോപ്പിൽ നമുക്ക് ബാഗ് വെച്ചിട്ട് മുകളിലേക്ക് നടക്കാൻ പോകാവുന്നതാണ്..ഇഷ്ടമുള്ള അത്രയും സമയം അവിടെ നടക്കാം..തിരികെ ബസുകൾ എപ്പോൾ വേണമെങ്കിലും കിട്ടും)

ലക്കം ഫാൾസ്(ഇറങ്ങി കുളിക്കാൻ സാധിക്കുന്ന വെള്ളച്ചാട്ടം ആണ്)
ചന്ദനക്കാട്,(മറയൂർ എത്തുന്നതിന് തൊട്ട് മുന്നേ നാച്ചിവയൽ വഴി ഒന്ന് തിരിഞ്ഞാൽ മാൻകൂട്ടങ്ങൾ മേയുന്ന ചന്ദനക്കാടിന് നടുവിലൂടെ പോകാം..കരിമ്പിൻ തോട്ടങ്ങൾക്ക് നടുവിലെ ശർക്കര ഫാക്ടറി വിസിറ്റ് ചെയ്യാം..)മറയൂർ നിന്നും കാന്തല്ലൂർ റൂട്ടിൽ പോയാൽ ആനകൊട്ടപ്പാറ എന്ന മുനിയറകൾ കൊണ്ട് പ്രസിദ്ധമായ പാറമുകളിൽ ചെല്ലാം..അവിടെ നിന്നും 360 ഡിഗ്രിയിൽ കിട്ടുന്ന മറയൂർ ഭംഗി കാണേണ്ടത് തന്നെയാണ്..
കോവിൽക്കടവ് ചെന്നാൽ പാലം കഴിയുമ്പോൾ ഇടത്തേക്കുള്ള വഴി തിരിഞ്ഞു കുറച്ചു ദൂരം പോയാൽ ഇരച്ചിൽപാറ എന്ന അതിമനോഹരമായ വെള്ളച്ചാട്ടം ഉണ്ട്..നൂൽ വണ്ണത്തിൽ വലിയൊരു ഷവറിൽ നിന്നും വീഴുന്ന പോലെയുള്ള വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്ണുകൾ കൊണ്ട് കാണുമ്പോഴേ അറിയൂ..അത് വഴി തിരികെ വന്നു കാന്തല്ലൂർ പോകാം..ഫ്രൂട്സ് ഫാമുകൾ ആണ് കാന്തല്ലൂരിന്റെ വലിയൊരു പ്രത്യേകത..ഭ്രമരം വ്യൂ പോയിന്റിലേക്ക് ഓഫ് റോഡ് സഫാരി ഒക്കെ കിട്ടും അവിടെ..

സഞ്ചാരികൾ അധികം വരാത്ത, എന്നാൽ മൂന്നാറിലെ ഏറ്റവും മനോഹരമായ വ്യൂ ലഭിക്കുന്ന റൂട്ടാണ് ദേവികുളം,ചിന്നക്കനാൽ,പൂപ്പാറ,തേക്കടി റൂട്ട്..ഈ വഴിയിൽ ഗ്യാപ് റോഡ് എന്ന മനോഹരമായ റോഡ് ഉള്ളത്..ലോക്ഹാർട് ഗ്യാപ് വ്യൂ,പെരിയകനാൽ ഫാൾസ്, ആനയിറങ്കൽ ഡാം (മൂന്നാറിൽ ഏറ്റവും മനോഹരമായ ഡാം.. ഡാമിലെ ബോട്ടിങ് ഒക്കെ അതിമനോഹരമാണ്..) തിരികെ മടങ്ങുന്നവർക്ക് ഈ റൂട്ട് വഴി വന്നു പൂപ്പാറ,രാജാക്കാട് ,അടിമാലി വഴി പോകാൻ സാധിക്കും..കൊളുക്കുമല ഒക്കെ പോകുന്നവർ ഈ റൂട്ടിലൂടെയാണ് പോകുന്നത്..
ഇനിയും ഉണ്ട് വഴികളും കാഴ്ച്ചകളും. വഴിയേ പറയാം.

✍സജ്‌ന നിഷാദ്

Comments are closed.