കൊളുക്കുമലയിലെ സൂര്യോദയം

കലണ്ടറിലെ ചുവന്ന നീണ്ട നിരകൾ മനസ്സിന് പച്ചവിളിച്ചം നൽകുമ്പോഴാണ് ജീവിതയാത്രയുടെ ട്രാഫിക്കിൽ നിന്ന് ഒളിച്ചോടാനുള്ള സാഹചര്യങ്ങളിൽ എന്നിൽ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ നടത്തിയ മറ്റൊരു ഒളിച്ചോട്ടമാണ് കാന്തല്ലൂർ,കൊളുക്കുമല യാത്ര.
യൂറോപ്യൻ യാത്രയുടെ ലഹരി വിട്ടൊഴിയുന്നതിനു മുന്നേ മനസ്സിനെ കാടുകയറ്റാനുള്ള തീരുമാനം പെട്ടെന്നായിരുന്നു.
ശനി,ഞായർ,തിങ്കൾ അവധി ദിവസമായതുകൊണ്ട് കൊടൈക്കനാലിൽ പോയാലോ എന്ന പ്ലാനിലായിരുന്നു നമ്മൾ. എന്നാൽ പ്ലാനുകളൊക്കെ തെറ്റിച്ചുകൊണ്ട് പനിയുടെ തുടക്ക ലക്ഷണങ്ങൾ ശരീരത്തെ അസ്വസ്ഥമാക്കി.
അതോടെ സ്വാതന്ത്ര്യദിന🇮🇳അവധിയിലെ യാത്രാസ്വപ്നങ്ങൾക്ക് താൽക്കാലിക പൂട്ട് വീണു.
ഒരു ദിവസത്തെ ഇടവേളക്കു ശേഷം ശനിയാഴ്ച തന്നെ ഇടുക്കിയിലേക്കുള്ള സുഹൃത്തിനെ വിളിച്ചു. ഇടുക്കിയിലെ കാലാവസ്ഥയേയും, മഴയ്ക്ക് ശേഷം സ്ഥലങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ആരാഞ്ഞു. അതിനുശേഷം വൈകുന്നേരം വിഭിയെ വിളിച്ചു “ഇടുക്കിക്ക് വിട്ടാലോ”എന്ന് ചോദിച്ചു.അവൻ അപ്പോൾ തന്നെ സമ്മതം അറിയിക്കുകയും, താമസ സ്ഥലത്തിന് വേണ്ട അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു.
അപ്പോഴാണ് അടുത്ത ‘സീൻ ‘ സഞ്ചാരികളുടെ തിരക്ക് കാരണം ഞങ്ങളുടെ ലിസ്റ്റിലുള്ള താമസസ്ഥലങ്ങളെല്ലാം ഫുൾ ആണെനന്ന്‌.
സൂര്യനെല്ലിയിൽ റിസോർട്ട് നടത്തുന്ന സുഹൃത്തിനെ വിളിച്ചു..
അവിടെയും ഫുൾ..
അപ്പോഴാണ് വിഭിയുടെ കാൾ വന്നത്.
“കാന്തല്ലൂരിൽ നല്ലൊരു ടെൻന്റ്🏕‌ സ്റ്റേയുണ്ട്,അവിടെ ഒഴിവുണ്ട്,ബുക്ക് ചെയ്യട്ടെ എന്ന്” ആ താമസസ്ഥലത്തെ ഇൻസ്റ്റയിലൂടെ ഒന്ന് പരതിയ ശേഷം ഞാനും സമ്മതം മൂളി.

ഞായറാഴ്ച അതിരാവിലെ തന്നെ എഴുന്നേറ്റ് സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത് വണ്ടിയിൽ കെട്ടി പൂട്ടി വച്ചശേഷം പടച്ചട്ടയൊക്കെ അണിഞ്ഞു വീട്ടിൽ നിന്നും എന്നും യാത്ര പറയുന്ന അമ്മയെയും ഓർത്തു നിറ കണ്ണുകളോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.
മാനവീയത്തിൽ വച്ച് ഞാനും സഹയാത്രികനായ വിഭിയും കണ്ടുമുട്ടി.
വിജയൻ അണ്ണൻന്റെ കടയിൽ നിന്നും
ഒരു കാലി ചായയും അകത്താക്കി കൃത്യം 6 ന് തന്നെ യാത്ര ആരംഭിച്ചു. നെല്ലിയാമ്പതി,വാൽപ്പാറ, ചിതറാൾ,മൈസൂർ യാത്രകൾക്ക് ശേഷം ഞാനും വിഭിയും വീണ്ടും ഒന്നിച്ച യാത്രയായിരുന്നു ഇത്.രണ്ടു പേർക്കും റൈഡിങ്ങിൽ നല്ലൊരു പരസ്പരധാരണയുള്ളതുകൊണ്ട് വണ്ടി ഓടിക്കൽ ഞങ്ങൾ നന്നായി ആസ്വദിച്ചു മുന്നോട്ട് നീങ്ങി.
കൊട്ടാരക്കര എത്തിയപ്പോൾ രസംകൊല്ലിയായി മഴയെത്തിയിരുന്നു.
കുറച്ചു ദൂരം മഴയത്ത് വണ്ടി ഓടിച്ചു മഴമേഘങ്ങൾക്കൊപ്പം ഞങ്ങളും നീങ്ങി.
കാർമേഘങ്ങൾ പിന്നിലായതിനുശേഷമുള്ള തുടർ യാത്രയിൽ ഒരു തുള്ളി കൊണ്ട് പോലും ഞങ്ങളെ നനയ്ക്കാതെ പ്രകൃതിയും ഞങ്ങളുടെ യാത്രയ്ക്ക് കുടയേകി സഹായിച്ചു.

മൂന്നാർ വഴി കാന്തളൂരിലേക്ക് 🛣

അവധി ദിവസമായതു കൊണ്ടാണന്നറിയില്ല,റോഡിൽ വാഹനങ്ങളുടെ തിരക്ക് കുറവായിരുന്നു. ഇടയ്ക്കിടെയുള്ള ചായകുടിയും, വിശ്രമങ്ങൾക്കും
ശേഷം ഏകദേശം 1:20 മണിയോട് കൂടി ഞങ്ങൾ മൂന്നാർ ടൗണിൽ എത്തിചേർന്നു.
അവിടെയുള്ള ബുഹാരി റെസ്റ്റോറൻ്റിൽ നിന്നും ചിക്കൻ ബിരിയാണിയും കഴിച്ച് ഞങ്ങൾ കാന്തല്ലൂരിലേക്ക് യാത്ര തുടർന്നു.
തേയിലത്തോട്ടങ്ങളും, മറയൂരിലെചന്ദനമരങ്ങളും പിന്നിട്ട് ഞങ്ങൾ കാന്തല്ലൂരിലേക്കുള്ള ഹൈറേഞ്ച് കയറാൻ തുടങ്ങി.
മൂന്നു മണിക്ക് മുന്നേ പ്ലാനറ്റ് കാന്തല്ലൂർ എന്ന അന്നത്തെ താമസസ്ഥലത്തേക്ക് എത്തിച്ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാൻ ആ റിസോർട്ടിൻറ ഉടമസ്ഥനായ നിയാസും, അദ്ദേഹത്തിൻറെ രണ്ട് സഹായികളും, ജർമ്മൻ ഷെപ്പേഡിനത്തിൽപെട്ട ലൂക്കാ 🐶എന്ന നായയുമുണ്ടായിരുന്നു…
കട്ടന്നോക്കെ☕️ കുടിച്ചു ..
ആ മലമുകളിൽ നിന്നുമുള്ള കാഴ്ചകളോക്കെ കണ്ടുകൊണ്ടിരികെ.. അന്നത്തെ ബാക്കി സഞ്ചാരികളും അവിടേയ്ക്ക് എത്തിക്കൊണ്ടിരുന്നു. എല്ലാവരും കൂടി കുറച്ചു ദൂരം നടന്നു കാട്ടിനുള്ളിലെ ഒരു വെള്ളച്ചാട്ടം കാണാനായി പോയി. ഞങ്ങൾക്കൊപ്പം വന്നവരെല്ലാം അവിടെ നിന്നും കുളിയൊക്കെ കഴിഞ്ഞ്, റീൽസ് എല്ലാം എടുത്തു കറങ്ങി. അവിടെ വച്ചാണ് ജേക്കബിനേയും കസിൻസിനെയും പരിചയപ്പെട്ടത്. ആറുപേരടങ്ങുന്ന കസിൻസ് ടീമായിരുന്നു അവരുടേത്.
പിന്നെ കൂടെ ഉണ്ടായിരുന്നത് തമിഴ്നാട്ടിൽ നിന്നും വന്ന മൂന്നുപേർ അവരുടെ സുഹൃത്തിന്റെ അപകടം മരണമറിഞ്ഞ് അവർ യാത്ര മതിയാക്കി അന്നേദിവസം തന്നെ നാട്ടിലേക്ക് തിരിച്ചു പോയിരുന്നു.
ഒരു യാത്ര യാതൊരു തടസ്സവും ഇല്ലാതെ, സന്തോഷത്തോടെ പൂർത്തിയാക്കാൻ സാധിക്കുന്നത് ശരിക്കും ഒരു ഭാഗ്യം തന്നെയാണ് എന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു അവരുടെ മടക്ക യാത്ര…
രാത്രി നെയ്ച്ചോറും, ചപ്പാത്തിയും,ചിക്കൻ കറിയുമായിരുന്നു അത്താഴം.
അതിനുശേഷം ടെന്റിനു സമീപമുള്ള മരത്തടികൾ കൊണ്ട് തീർത്ത ഇരിപ്പിടങ്ങളിലേക്ക് പോയിരുന്നു.
സീരിയൽ ലൈറ്റുകൾ കൊണ്ട് അവിടെയൊക്കെ അലങ്കരിച്ചിരുന്നത് ആ അന്തരീക്ഷത്തെ അതിമനോഹരമാക്കി തീർത്തു.
ടെന്റിനു സമീപം ബ്ലൂടൂത്‌ സ്പീക്കറിൽ പാട്ടും കേട്ട് ദൂരെയുള്ള രാത്രി കാഴ്ചകൾ കണ്ടു അവിടെ അങ്ങനെയിരുന്നു……

അടുത്ത ദിവസം രാവിലെ ഞങ്ങൾ പ്ലാനറ്റ് കാന്തല്ലൂരിനോടും, ‘ജേക്കബിന്റെ കസിൻസിനോടും’
യാത്ര പറഞ്ഞശേഷം നേരെ വിഭിയുടെ ബൈക്കിൻ്റെ ടയർ മാറ്റുന്നതിനായി അടിമാലിയിലേക്ക് മലയിറങ്ങി.
ടയർ മാറുന്ന സമയം ഞാൻ യൂറോപ്പ് യാത്രയിൽ ഞങ്ങൾക്കൊപ്പം വന്ന സഹയാത്രികരായ ജോസ് സാറിന്റെ വീട്ടിലേക്ക് പോയിരുന്നു.
സാറിൻ്റെയും കുടുംബത്തിൻ്റെയും ആതിഥേയത്വം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു. അവിടെനിന്ന് നേരെ വിഭിയുടെ അടുത്തേക്ക് പോയി.
ആ വിശ്രമവേളയിൽ വണ്ടിയുടെ ചെയിൻ ഒക്കെ സ്വന്തമായി ക്ലീൻ ചെയ്ത്, ലുബോക്കെ അടിച്ചു തുടർ യാത്രയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു.
അടിമാലിയിലെ കണ്ണൂർ റസ്റ്റോറന്റിൽ നിന്ന് നല്ല ബിരിയാണിയും കഴിച്ചു സൂര്യനെല്ലി ലക്ഷ്യമാക്കി വണ്ടി വിട്ടു…

നാലുമണിയോടെ കൂടെ ഞങ്ങൾ സൂര്യനെല്ലിയിലെ ‘ക്യാമ്പ് ഫയർ’ എന്ന പേരിലുള്ള താമസ സ്ഥലത്ത് എത്തി. രണ്ടുമൂന്നു തവണ ഇവിടെ ബുക്ക് ചെയ്ത ശേഷം വരാൻ സാധിക്കാതെ പോയ ഇടമായിരുന്നു ഇത്. ഒരുപാട് നാളായിട്ട് ആഗ്രഹമായിരുന്നു തേയിലത്തോട്ടങ്ങളുടെ നടുവിൽ ഒന്ന് താമസിക്കണമെന്ന്.
ഏലത്തോട്ടങ്ങൾക്കിടയിലൂടെ നേരെ ചെന്ന് കയറിയത് പ്രകൃതി ഒരുക്കിയ സ്വർഗത്തിലേക്ക് ആയിരുന്നു… തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട പ്രദേശം..
മേഘങ്ങൾ താഴ്നിറങ്ങി ഇടയ്ക്കിടെ മലകളെ ആലിംഗനം ചെയ്യുന്നു…
തേയിലത്തോട്ടങ്ങൾകിടയിലൂടെ തുള്ളി ചാടി വീഴുന്ന വെള്ളച്ചാട്ടം… രാത്രിയിൽ ആകാശം നിറയെ നക്ഷത്രങ്ങൾ.. ക്യാമ്പ് ഫെയറിന്റെ ചൂടും കൊണ്ട് തണുപ്പിനെ പാട്ടും കേട്ട് ആസ്വദിച്ചിരുന്നു നിമിഷങ്ങൾ… അതിരാവിലെ സൂര്യോദയം കാണാനായി ടെൻ്റിൽ പാട്ട് കേട്ട് മൂടിപ്പുതച്ച് നേരത്തെ കിടന്നുറങ്ങി.
രാവിലെ നാലുമണി കഴിഞ്ഞപ്പോൾ ഉറക്കം എഴുന്നേറ്റു ഫ്രഷായി കൊളുക്ക്മലയിലേക്ക് പോകുന്ന ആദ്യ ജീപ്പിൽ കയറി മുന്നിലെ സീറ്റുകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
ഞങ്ങളുടെ കൂടെ രാജസ്ഥാൻക്കാരൻ മലയാളി കൂട്ടുകാരുമുണ്ടായിരുന്നു.
സൂര്യനെല്ലിയിലെ ചെക്പോസ്റ്റിൽ ജീപ്പ് നിറുത്തി ഡ്രൈവർ പാസുകൾ എടുത്തു.
പിന്നെയുള്ള യാത്ര
നമ്മുടെ ശരീരത്തെ ശെരിക്കും ‘തുള്ളിച്ചാടിച്ചു’.
ആകെയുള്ള 16 കിലോമീറ്ററിൽ 9 കിലോമീറ്റർ കട്ട ഓഫ് റോഡ് ആയിരുന്നു.
ഞങ്ങളുടെ ഡ്രൈവർ അജിത് മുന്നിലൂടെ നീങ്ങുന്ന ജീപ്പുകളെ ആ ഇടുങ്ങിയ വഴികളിലൂടെ പിന്നിലാക്കി ചാടി, ചാടി മുന്നിലേക്ക് നീങ്ങികൊണ്ടിരുന്നു.
മലയുടെ മുകളിലൂടെ പോകുമ്പോൾ താഴെ ഹെഡ്‍ലൈറ്റിന്റെ വെളിച്ചത്തിൽ മലകയറിവരുന്ന ജീപ്പുകളുടെ നീണ്ട നിര കാണുമ്പോൾ KGF സിനിമയിലെ സ്വർണഖനിയിലൂടെ നീങ്ങുന്ന ജീപ്പുകളുടെ നിരയെ ഓർമിപ്പിച്ചു കൊണ്ട് കൊളുക്കുമലയുടെ മുകളിലെത്തി…

കൊളുക്കുമലയിലെ സൂര്യോദയം🌄

കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന മലനിരകളാണ് കൊളുക്കുമല.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഓർഗാനിക് തേയില തോട്ടങ്ങളിലും സുന്ദര കാഴ്ചകളും നിങ്ങൾക്ക് അവിടെ കാണാൻ കഴിയും.
ജീപ്പ് ഇറങ്ങിയ ശേഷം വലിയ ദൂരം നടക്കേണ്ടി വന്നില്ല ഞങ്ങൾ കടൽ നിരപ്പിൽ നിന്നും 8000 മീറ്റർ അടിയോളം ഉയരത്തിലുള്ള മനോഹര പ്രദേശത്തു എത്തിച്ചേർന്നു.കിഴക്കു മലനിരകൾക്ക് ഇടയിലൂടെ സൂര്യൻറെ ആദ്യ കിരണങ്ങൾ വന്നു തുടങ്ങുമ്പോൾ തന്നെ ആകാശം ഓറഞ്ച് നിറത്തിലാകും.
മലകൾക്കിടയിൽ വെള്ളമേഘങ്ങൾ തീർത്ത സമുദ്രത്തിനു മുകളിലെ ഉദിച്ചുയർന്ന സൂര്യനെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു അനുഭവമുണ്ട് അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയില്ല.
കൊളുക്കുമലയിൽ നിന്നും നോക്കിയാൽ
മൂന്നാർ ടോപ് സ്റ്റേഷനും,
മീശപ്പുലിമലയും,
കൊടൈക്കനാൽ മലനിരകളും ദൂരെയായി കാണാം.സൂര്യോദയവും കണ്ടു മനം നിറഞ്ഞ ശേഷം മഞ്ഞു കണങ്ങൾ പതിച്ച മണ്ണിലൂടെ സിംഗപാറയുടെ അടുത്തേക്ക് പോയി.
കടുവയുടെ മുഖത്തോട് സാമ്യമുള്ള പാറയ്ക്ക് സമീപം നിന്ന് പടവും എടുത്തു കോടമഞ്ഞിറങ്ങി വരുന്ന സ്വർഗത്തിൽ നിന്നും
മനോഹരമായ സൂര്യോദയം കണ്ടു ഞങ്ങൾ കൊളുക്കുമല മലയിറങ്ങി.

യാത്രാ വിവരണം:
ഉമേശ് നെയ്യാറ്റിൻകര

Comments are closed.