നൂറിലധികം ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും നിരവധി വന്യജീവി സാങ്കേതങ്കളും നിത്യ ഹരിത ഷോല വനങ്ങളും വെള്ളച്ചാട്ടങ്ങളും ആറുകളും അരുവികളും അണക്കെട്ടുകളും തടാകങ്ങളും പശ്ചിമഘട്ട മലനിരകളിലെ അത്യപൂർവ്വ ജൈവ ജന്തു ജാലങ്ങൾ നിറഞ്ഞ അതീവ പാരിസ്ഥിതിക മേഖലകളും സുഗന്ധ ദ്രവ്ങ്ങളും അതിലേറെ നന്മയുള്ള ആളുകളെയും കൊണ്ട് സമ്പന്നമാണ് നമ്മുടെ ഇടുക്കി.
ഇടുക്കി ജില്ലയുടെ ഏറ്റവും വടക്ക് ഉള്ള ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് തെക്ക് സ്ഥിതി ചെയ്യുന്ന കുമളി തേക്കടി ഭാഗത്തേക്ക് പോകണമെങ്കിൽ തന്നെ 150കിലോമീറ്റർ(5മണിക്കൂർ) സഞ്ചരിക്കണം.
അന്താരാഷ്ട്ര, ആഭ്യന്തര വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാറിനെയും, തേക്കടിയെയും ബന്ധപ്പെടുത്തി തന്നെ നിരവധി സുപ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്. കൂടാതെ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ, അഞ്ചുരുളി,നാടുകാണി, അണക്കര, തൊമ്മൻകുത്ത്, രാമക്കൽമേട്, അയ്യപ്പൻകോവിൽ, മലങ്കര, പഞ്ചാലിമേട് തുടങ്ങി നൂറിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് ഇടുക്കിയിൽ. 🌿
ഒരു ദിവസം പോയിട്ട് ഒരാഴ്ചകൊണ്ട് ഓടിയാൽ തീരാത്ത ഇടുക്കിയെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ആസ്വദിക്കാം.
കുടുംബമായി വെറുതെ ഒരു വൺ ഡേ ട്രിപ്പ് ആവാം…. ഒരു നൈറ്റ് താമസിച്ച് പോകാൻ 150മുതൽ 20000 രൂപക്ക് മുകളിൽവരെ ചിലവാകുന്ന ഹോട്ടലുകളും റിസോർട്ടുകളും കോട്ടെജുകളും ഉണ്ട്.. ബൈക്ക് റൈഡോ ഓഫ് റോഡ് ജീപ്പ് സഫാരിയോ ആവാം. ഇടുക്കിയേ മനം നിറഞ്ഞ് കണ്ണ് നിറഞ്ഞ് ആഴത്തിൽ ഹൃദയം തൊടുന്ന ഒരു എക്സ്പ്ലോറേഷൻ ആവാം.. ആരെയും എങ്ങനെയും സ്വീകരിക്കാൻ ഇടുക്കി റെഡിയാണ്.. നിങ്ങൾ എങ്ങനെ ഞങ്ങളുടെ ഇടുക്കിയേ അറിയുന്നു, കാണുന്നു എന്നത് നിങ്ങളുടെ ഇഷ്ടമാണ്..
ഒന്നോർക്കുക… നിങ്ങൾ ഒരു സഞ്ചാരി ആയിട്ടാണ് വരുന്നത്. മൈൻഡ് ഫ്രീ ആക്കി മറ്റു ടെൻഷനുകൾ ഒഴിവാക്കി ഇടുക്കിയിലേക്ക് വരൂ…. ഈ മണ്ണും ഇവിടത്തെ കാറ്റും ആളുകളും നിങ്ങളെ ഏറ്റവും സ്നേഹത്തോടെ ആദരവോടെ വരവേൽക്കും.
ജില്ലയുടെ വിനോദ സഞ്ചാര ഭൂപ്രകൃതി…
1. മൂന്നാർ
മൂന്നാറും മൂന്നാറിനെ കണക്റ്റ് ചെയ്ത് ഉള്ള സ്പോട്ടുകളും..
5000 മുതൽ 7000വരെ അടി ഉയരമുള്ള മൂന്നാറിൽ തേയില ആണ് പ്രധാന കൃഷി. തണുപ്പുള്ള പ്രദേശം. ഡിസംബർ അവസാനം ഐസ് പരലുകൾ ഉണ്ടാകുന്ന മൈനസ് കാലാവസ്ഥയുള്ള 12വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം. പശ്ചിമഘട്ട മലനിരകളിലെ അതീവ പാരിസ്ഥിതീക ലോല പ്രദേശമായ കണ്ണൻ ദേവൻ ഹിൽസ് വില്ലേജ് ഉൾപ്പെടുന്ന പ്രദേശം. അത്യപൂർവ്വ ചെടികൾ, മരങ്ങൾ, ഷോലകൾ, ഉരഗങ്ങൾ, പ്രാണികൾ, മൃഗങ്ങൾ എന്നിവ എല്ലാം കൊണ്ട് സമ്പന്നം. ആപ്പിളും വെളുത്തുള്ളിയും വിളയുന്ന കാന്തല്ലൂരും വട്ടവടയും മൂന്നാറിൽ നിന്ന് അകലെ അല്ല.
മൂന്നാറിലും പരിസരങ്ങളിലുമായി ആയിരത്തിനടുത്ത് ഹോട്ടൽ, റിസോർട്, കോട്ടേജ്, ഹോംസ്റ്റേകൾ ഉണ്ട്..
മൂന്നാറിനോട് കണക്ട് ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് സ്പോട്ടുകൾ.
1. രാജമല, 2.ലക്കം വാട്ടർ ഫാൾസ്,3. വാഗവരെ,4. മറയൂർ ചന്ദന തോട്ടം,5. മറയൂർ ശർക്കര ഉദ്പാദന കേന്ദ്രം,6. തൂവനം വെള്ളച്ചാട്ടം,7. ചിന്നാർ വന്യ ജീവി സങ്കേതം, 8. കാന്തല്ലൂർ, 9. വട്ടവട, 10. പാമ്പാടും ഷോല, 11. ടോപ് സ്റ്റേഷൻ, 12. യെല്ലപ്പെട്ടി, 13. കുണ്ടള ഡാം, 14. മാട്ടുപ്പെട്ടി ഡാം, 15. ഫോട്ടോ പോയിന്റ്, 16. ദേവികുളം, 17. ലോക്ക് ഹാർട്ട് ഗ്യാപ്, 18. ചിന്നക്കനാൽ, 19. ആനയിറങ്കൽ ഡാം, 20. കൊളുക്കുമല,21. മീശപുലിമല, 22. ചൊക്രമുടി മല,23. പോതമേട്, 24. പള്ളിവാസൽ, 25. ആറ്റുകാട് ഫാൾസ്, 26. ലക്ഷ്മി, 27. വിരിപാറ ഫാൾസ്, 28. മാങ്കുളം, 29. ആനക്കുളം, 30. ചെങ്കുളം ഡാം,
2. തേക്കടി-കുമളി ഭാഗവുമായി ബന്ധപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
1. തേക്കടി ബോട്ടിംഗ്, 2. പെരിയാർ കടുവ സങ്കേതം, 3. കുട്ടിക്കാനം, 4. വാഗമൺ 5. പൈൻ ഫോറസ്റ്റ്, 6. അണക്കര, 7. പരുന്തുംപാറ, 8. ഉറുമ്പിക്കര ഫാൾസ്, 9. പാഞ്ചാലിമേട്, 10. കമ്പം മുന്തിരി പാടം (തമിഴ്നാട്)
3. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഉൾപ്പെടുന്ന ജില്ല ആസ്ഥാനം ആയ പൈനാവും തൊടുപുഴ മൂല മറ്റം റൂട്ടിലെ നാടുകാണിയും തൊടുപുഴക്ക് അടുത്തുള്ള മലങ്കര റിസർവോയറും തൊമ്മൻകുത്ത് വെള്ള ചാട്ടവും നെടുങ്കണ്ടത്തിനടുത്ത് രാമക്കൽമേടും അടക്കം ഇനിയും ഒരുപാട് ഒരുപാട് ചെറിയത് എന്നാൽ ഭാവിയിൽ വളരെയധികം ടൂറിസം സാധ്യതകൾ ഉള്ള സ്പോട്ടുകൾ ഇനിയും ഇടുക്കിയിൽ ഉണ്ട്.
❣️ റോഡ്-ദൂരം-സമയം
A. മൂന്നാറിലേക്ക്.
എറണാകുളം-മൂവാറ്റുപുഴ -കോതമംഗലം-നേര്യമംഗലം-അടിമാലി-കല്ലാർ/ആനച്ചാൽ-പള്ളിവാസൽ-മൂന്നാർ
ദൂരം 136km
സമയം 3മണിക്കൂർ 16മിനിറ്റ്
B. തേക്കടിക്ക്
എറണാകുളം-തലയോലപ്പറമ്പ്-കുറവിലങ്ങാട്-പാലാ-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം-പെരുവന്താനം-കുട്ടിക്കാനം-വണ്ടിപ്പെരിയാർ-പെരിയാർ-കുമളി.
ദൂരം – 156km
സമയം 4മണികൂർ
C. ഇടുക്കി ഡാം
എറണാകുളം-മൂവാറ്റുപുഴ-തൊടുപുഴ-മുട്ടം-മൂലമറ്റം-നാടുകാണി-കുളമാവ്- ഇടുക്കി ചെറുതോണി ഡാം
ദൂരം 121km
സമയം – 3മണിക്കൂർ 20മിനിറ്റ്
ഇടുക്കിയെ കുറിച്ച് അറിയാവുന്ന കാര്യങ്ങൾ അത്യാവശ്യം സഞ്ചാരികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ആണ് വിവരിച്ചിട്ടുള്ളത്. ഓരോ പ്രദേശത്തേക്കും ഉള്ള വഴികൾ, ദൂരം, ഷോർട് കട്ടുകൾ, വിട്ടുപോയ കാര്യങ്ങൾ എന്നിവ അറിയാവുന്നവർ കമന്റുകൾ ആയി പങ്കു വെക്കുമല്ലോ.
എഴുത്ത്:
പികെ സുരേഷ് കുമാർ
മുൻ പഞ്ചായത്ത് പ്രസിഡന്റ്
ദേവികുളം ഗ്രാമപഞ്ചായത്ത്
Comments are closed.