ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം

ഇടുക്കി: ക്രിസ്മസ് – പുതുവത്സര അവധികൾ എത്തുന്ന സാഹചര്യത്തിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നു. ഡിസംബർ 31വരെ സന്ദർശർക്കായി തുറന്നുനൽകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന് അണക്കെട്ട് തുറന്നുനൽകുന്നത്.
രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ സാങ്കേതിക പരിശോധനകൾ നടക്കുന്നതിനാൽ ബുധനാഴ്ച ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയുണ്ടാകില്ല. അണക്കെട്ടിൻ്റെ സുരക്ഷ കണക്കിലെടുത്ത് മൊബൈൽ ഫോൺ, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് നിരോധനമുണ്ട്.
ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കിൽ ആറു കിലോമീറ്റർ നടക്കണം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ടുപേര്‍ക്ക് പേർക്ക് 600 രൂപയാണു ചാർജ്ജ് ഈടാക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി ഡാമിന്‍റെ പ്രവേശന കവാടത്തിന് സമീപം ഹൈഡല്‍ ടൂറിസം വകുപ്പ് ഡാം കാണുന്നതിനും ബഗ്ഗികാര്‍ യാത്രാസൗകര്യത്തിനുമുള്ള ടിക്കറ്റ് കൗണ്ടർ ക്രമീകരിച്ചിട്ടുണ്ട്.

Comments are closed.