മൂന്ന് വനപാതകൾ താണ്ടി ഊട്ടിയിലേക്ക് വൺഡേ ട്രിപ് പ്ലാൻ ചെയ്യാം

കാനന പാത ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിയുടേയും പ്രിയപ്പെട്ട റൂട്ടുകളിലൊന്നാണ് മുത്തങ്ങ -ഗുണ്ടൽപേട്ട – ബന്ദിപ്പൂർ – മുതുമലൈ -മസിനഗുഡി – കല്ലട്ടി ചുരം വഴിയുള്ള ഊട്ടി യാത്ര. മുത്തങ്ങയിൽ നിന്നും മസിനഗുഡി വഴി നിലമ്പൂരിലേക്ക് വൺ ഡേ ട്രിപ് ആയും പ്ലാൻ ചെയ്യാവുന്നതാണ്. മുത്തങ മുതൽ ഊട്ടി വരെ 95 കിലോ മീറ്റർ (ഏകദേശം മൂന്ന് മണിക്കൂർ) യാത്ര വരും. ഊട്ടിയിൽ നിന്ന് ഗൂഡല്ലൂർ വഴി നിലമ്പൂർ വരെ 96 കിലോ മീറ്റർ ദൂരവുമാണ് വരുന്നത്. യാത്ര മാത്രം 6 മണിക്കൂർ വരും. ഗുണ്ടൽപെട്ടയിലെ സൂര്യകാന്തി പാടങ്ങളും മസിനഗുഡിയിലെ ട്രെക്കിംഗും ആസ്വദിക്കാം.

രണ്ട് ദിവസമെങ്കിലുമെടുത്ത് യാത്ര ചെയ്താൽ അത് മികച്ച ഒരു അനുഭവമായിരിക്കും സഞ്ചാരികൾക്ക് സമ്മാനിക്കുക. മസിനഗുഡിയിൽ 1500 മുതൽ 2500 രൂപ വരെ നിരക്കിൽ ഫാമിലി റൂമും ലഭിക്കും. ഗുണ്ടൽപെട്ടിലെ താമസം പരമാവധി ഒഴിവാക്കുക.

ഗുണ്ടൽപേട്ട (കർണാടക)

മുത്തങ്ങയോട് ചേർന്നുള്ള സുന്ദരമായ പ്രദേശമാണ് ഗുണ്ടൽപെട്ട. 52 Km ആണ് മുത്തങ്ങയിൽ നിന്നും ഗുണ്ടൽപേട്ടയിലേക്കുള്ള ദൂരം. കർണാടകയിലെ ഒരു വലിയ ഗ്രാമമാണിത്, മുഴുവനും കൃഷിയാണ്. പരന്നു കിടക്കുന്ന കൃഷി ഭൂമിയാണിവിടെ മുഴുവനും. ഓണത്തിനും വിഷുവിനുമെല്ലാം മലബാറിലേക്കാവശ്യമായ പച്ചക്കറിയും പൂക്കളും എത്തുന്നത് ഇവിടെ നിന്നാണ്. വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പാടങ്ങളും, ഓറഞ്ച് കടൽ പോലെ നീണ്ടു കിടക്കുന്ന ജമന്തി പാടങ്ങളും കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. ഫോട്ടോഷൂട്ടുകാരുടെ പ്രധാന താവളമാണ് ഗുണ്ടൽപേട്ട.

ഹിമവദ് ഗോപാൽ സ്വാമി ബെട്ട

ഗുണ്ടൽപെട്ട എത്തിയാൽ ഹിമവദ് ഗോപാൽ സ്വാമി ബെട്ട പോകുന്നതും നല്ലതാണ്.
ബന്ദിപ്പൂർ കാടിന്റെ ഏറ്റവും ഉയരം കൂടിയ കുന്നിൻ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താഴ്വാരത്ത് നമ്മുടെ വാഹനങ്ങൾ പാർക്ക് ചെയ്ത്, കർണാടക RTC യിൽ വേണം മുകളിൽ പോകാൻ. പോയി വരാൻ 60 രൂപയാണ് ഒരാൾക്ക് ടിക്കറ്റ്. ഇവിടേക്ക് പോകുന്ന വഴികളും ഏറെ മനോഹരമാണ്. ഇത്തിരി മഴപെയ്ത സമയത്താണ് യാത്രയെങ്കിൽ കാഴ്ചകൾക്ക് ഒത്തിരി നിറം കൂടും.

വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കരുത്

ബന്ദിപൂർ – മുതുമലൈ കാനനപാതയിലൂടെ യാത്ര പോകുമ്പോൾ ഒരിക്കലും വാഹനം നിർത്തിയിട്ട് ഫോട്ടോയെടുക്കാൻ ശ്രമിക്കരുത്. വലിയ പിഴ ശിക്ഷ ലഭിക്കും.

മസിനഗുഡി

പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി. നാഗരികത അധികം കടന്നു ചെന്നിട്ടില്ലാത്ത വനത്തിനുള്ളിലെ മനോഹരമായ ഒരു ഗ്രാമമാണിത്. നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ വണ്ടിയിലിരുന്നു തന്നെ സുരക്ഷിതമായി ഇവിടെ കാണാം.
ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടു കൂടിയ കൽഹട്ടി (കല്ലട്ടി) ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ശ്രദ്ധിച്ച് വാഹനമോടിക്കണം.
തമിഴ്‌നാട് -കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മുതുമല ദേശീയോദ്യാനത്തിനടുത്താണ് മസിനഗുഡി സ്ഥിതി ചെയ്യുന്നത്.

ഊട്ടിയിലെ കാഴ്ചകൾ

കർണാടക ഗാർഡൻ, ദൊഡ്ഡപ്പെട്ട , ബോട്ടാണിക്കൽ ഗാർഡൻ, അവലാഞ്ചി, കിന്നക്കോരൈ, പൈക്കര ഡാം ആൻഡ് പാർക്ക്, മൊട്ടക്കുന്ന്, കൂടാതെ നേരത്തേ ഐ ആർ സി ടി സി വഴി ബുക്ക് ചെയ്ത് ടോയ് ട്രെയിനും ആസ്വദിക്കാവുന്നതാണ്.

Comments are closed.