തിരൂർ : പൊന്നാനി നിള ടൂറിസം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ യോഗത്തില്‍ തീരുമാനം. പാതയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. പാതയിലെ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാനും റോഡിലെ വാഹന പാര്‍ക്കിങ് തടയാനും യോഗത്തില്‍ തീരുമാനിച്ചു. ടൂറിസം പാതയില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത് ജില്ലയില്‍ പലയിടങ്ങളിലും അപകടം വര്‍ധിക്കുന്നതിന് കാരണമാവുന്നതിനാല്‍ ഇത് സംബന്ധിച്ച് ബോധവത്കരണം നല്‍കാനും യോഗം തീരുമാനിച്ചു. തിരക്കേറിയ റോഡുകളില്‍ റോഡ് മുറിച്ച് കടക്കുന്നതിന് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യും. അരീക്കോട് സൗത്ത് പുത്തലത്ത് റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. തിരൂര്‍ പയ്യനങ്ങാടിയില്‍ ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന ഉപയോഗ ശൂന്യമായ പോസ്റ്റുകള്‍ മാറ്റുന്നതിനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍, എന്‍ഫോഴ്‌സമെന്റ് ആര്‍.ടി.ഒ പി എ നസീര്‍, എ.എസ്.പി പിബി കിരണ്‍, ദേശീയ പാത എക്‌സി എഞ്ചിനിയര്‍ എസ് ആര്‍ അനിതകുമാരി, അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍ പി ബൈജു, റോഡ്‌സ് എക്‌സി. എഞ്ചിനിയര്‍ സിഎച്ച് അബ്ദുല്‍ ഗഫൂര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ അബ്ദുല്‍ സലീം , റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെഎം അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.