അങ്ങാടിപ്പുറം: ജില്ലയിലെ മൂന്ന് സ്റ്റേഷനുകൾ ഉൾപ്പെടെ, അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച വിവിധ റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി ഓൺലൈനായി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ ഓഫിസ് അറിയിച്ചു. ഓരോ സ്റ്റേഷനിലും പ്രത്യേകം ചടങ്ങുകൾ സംഘടിപ്പിച്ച് പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം പ്രദർശിപ്പിക്കും.
പാലക്കാട് ഡിവിഷനു കീഴിലെ പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, വടകര, പയ്യന്നൂർ, മാഹി, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജംക്‌ഷൻ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് കോടികൾ ചെലവിട്ട് അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്നത്. ഇതിൽ ആദ്യഘട്ട വികസനം പൂർത്തിയാകുന്ന ഒമ്പത് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് 26ന് നടക്കുക.
ജില്ലയിൽ കുറ്റിപ്പുറം, അങ്ങാടിപ്പുറം, നിലമ്പൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിക്കും. തിരൂർ, പരപ്പനങ്ങാടി സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇപ്പോഴില്ല. ജില്ലയ്ക്ക് പുറത്ത് ഒറ്റപ്പാലം, ഫറോക്ക്, തലശ്ശേരി, മാഹി, കണ്ണൂർ തുടങ്ങിയ സ്റ്റേഷനുകളിലാണ് 26ന് ഉദ്ഘാടനം ചെയ്യുന്ന സ്റ്റേഷനുകൾ. നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു.
Next Post
Comments are closed.