തിരൂർ: തിരൂർ നഗരത്തിലെ കുരുക്കഴിക്കാനുള്ള മേൽപാലം 17ന് (ശനിയാഴ്ച) മന്ത്രി പി എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലം തുറക്കുന്നതോടെ തിരൂർ നേരിടുന്ന ഗതാഗതക്കുരുക്കിനും വിവാദങ്ങൾക്കും ഒരു പരിധി വരെ തടസ്സം നീങ്ങും. താഴേപ്പാലത്തിനും ബസ് സ്റ്റാൻഡിനും ഇടയിൽ മലപ്പുറം റോഡിൽ സിറ്റി ജംക‍്ഷനിൽ റെയിൽവേ മേൽപാലം എന്ന ആശയം രൂപപ്പെട്ടിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. എന്നാൽ വിവിധ കാരണങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉന്നയിച്ച് പലതവണ അധികൃതർ തള്ളി.
ഇതോടെ പദ്ധതി കടലാസിൽ ഒതുങ്ങി. 10 വർഷം മുൻപ് സി.മമ്മൂട്ടി എംഎൽഎ ആയി വന്നതോടെയാണു താഴേപ്പാലം മുതൽ റോഡ് വീതി കൂട്ടിയതും റെയിൽ മേൽപാലത്തിനുള്ള നടപടികൾ ആരംഭിച്ചതും. തുടർന്ന് 5 വർഷത്തിനുള്ളിൽ തന്നെ തിരൂരിൽ മേൽപാലം ഒരുങ്ങി. എന്നാൽ സുരക്ഷ പോരെന്നു കാട്ടി ഉദ്യോഗസ്ഥർ ഉടക്കിട്ടതോടെ നടപടികൾ വീണ്ടും വൈകി. ഇതിനിടെ പാലം നാട്ടുകാർ തുറന്നു ഗതാഗതം തുടങ്ങി. എന്നാൽ നിർമാണം പൂർത്തിയാകാത്തതിനാൽ അധികൃതർ വീണ്ടും അടച്ചു.
ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നഗരസഭ ഇടപെട്ട് ഉദ്ഘാടനത്തിന് മുൻപായി പാലം തുറന്നുകൊടുക്കാനുള്ള നടപടിയുമായി രംഗത്തെത്തി. ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വടംവലിക്കും ഇടയാക്കി. പിന്നീട് ടാറിങ്ങിനായി അടച്ചിട്ട മേൽപാലം രാത്രി ആരൊക്കെയോ തുറന്നിടുകയും പകൽ അധികൃതർ അടച്ചിടുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും പാലം അടച്ചിട്ട് ടാറിങ് പൂർത്തിയാക്കിയത്.
Comments are closed.