മലപ്പുറം : വിവിധ മേഖലകളിലെ മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് 2024-25 വര്‍ഷത്തേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ബാപ്പു കുരിക്കള്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ബജറ്റ് അവതരിപ്പിച്ചു. 206,35,62,528 രൂപ ആകെ വരവും 202,56,00,000 രൂപ ചെലവും 3,79,62,528 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍, കിടപ്പു രോഗികള്‍, കാന്‍സര്‍, കിഡ്നി, കരള്‍ രോഗികള്‍, കര്‍ഷകര്‍, മത്സ്യ തൊഴിലാളികള്‍, തൊഴില്‍ സംരംഭകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രവാസികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ പ്രയോജനം ലഭിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. വര്‍ക്കിങ് ഗ്രൂപ്പ് യോഗങ്ങളിലും സ്റ്റേക് ഹോള്‍ഡേഴ്സ് യോഗങ്ങളിലും, സെമിനാറിലുമെല്ലാം ഉരുത്തിരുഞ്ഞ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിച്ചാണ് ബജറ്റ് തയ്യാറാക്കിയത്.
ജില്ലയില്‍ കുട്ടികള്‍ക്കിടയിലെ മുങ്ങിമരണം തടയുന്നതിനായി നാലാം ക്ലാസ് മുതലുള്ള എല്ലാ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കും. ഈ പദ്ധതിക്കായി 50 ലക്ഷം രൂപ ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി യുടെ സഹകരണത്തോടെ ജില്ലാ ആസ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സൗജന്യ ബസ് സര്‍വ്വീസ് ആരംഭിക്കും. ഇതിനായി 50 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. ജില്ലയെ വ്യവസായ സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായി പ്രവാസി സംരംഭകരുമായി സഹകരിച്ച് പ്രവാസി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. ഇതിന്റെ ആദ്യഘട്ടത്തിനായി 50 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. ജില്ലയിലെ പ്രവാസികള്‍ക്കും നിക്ഷേപ തല്‍പരര്‍ക്കും മികച്ച നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും കൂടുതല്‍ നിക്ഷേപകരെ ജില്ലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി ആഗോള നിക്ഷേപക സംഗമം നടത്തും. 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ സംഗമത്തിനായി 50 ലക്ഷം രൂപയും നീക്കി വെച്ചിട്ടുണ്ട്. പശ്ചാത്തല വികസന മേഖലയില്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് 10 കോടി രൂപയും മാറ്റിവെച്ചു. പ്രത്യേക ഘടക പദ്ധതികളുടെ ഭാഗമായി പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സമഗ്ര പുരോഗതിക്കായി 26 കോടി രൂപ, വീടും സ്ഥലവും ഇല്ലാത്തവര്‍ക്കായി അഞ്ചു കോടി, ഭവന സുരക്ഷയ്ക്കായി അഞ്ചു കോടി, പട്ടികജാതി കോളനികളുടെ സമഗ്രവികസനത്തിനായി 3.5 കോടി രൂപ, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്-2.5 കോടി, പഠന മുറി- ഒരു കോടി, പട്ടികജാതി/ പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ കുടിവെള്ള പദ്ധതിക്കായി മൂന്ന് കോടി രൂപ, മത്സര പരീക്ഷാ പരിശീലനത്തിന് 20 ലക്ഷം രൂപ തുടങ്ങിയവയും വിലയിരുത്തി.
പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും
• മലപ്പുറം നഗരത്തില്‍ സഹകരണ ബിസിനസ് സിറ്റി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ
• കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന് ആറു കോടി രൂപ
• സ്കൂളുകളുടെ ആധുനിക വത്കരണവും ഹൈടെക് ലാബ് സജ്ജീകരിക്കലും- 25 കോടി,
• സ്കൂളുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് സ്ഥാപിക്കല്‍- മൂന്നു കോടി,
• തിരൂര്‍ ജില്ലാ ആശുപത്രി വികസനത്തിന് പുതിയ ഭൂമി വാങ്ങുന്നതിന് രണ്ടു കോടി,
• രാത്രി കാലങ്ങളില്‍ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിത താമസത്തിന് മലപ്പുറത്ത് ലേഡീസ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് രണ്ടു കോടി,
• അങ്കണവാടികളോട് ചേര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി ജിംനേഷ്യം/വെല്‍നസ്സ് സെന്ററുകറും പൊതു ഇടങ്ങളില്‍ റസ്റ്റ് റൂമുകളും നിര്‍മിക്കുന്നതിനായി എട്ടു കോടി,,
• ഭിന്ന ശേഷി സൗഹൃദ ജില്ല പദ്ധതിക്കായി 10 കോടി
• വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജി, പൂക്കോട്ടൂര്‍ യുദ്ധ സ്മാരകങ്ങള്‍ക്ക് 2.5 കോടി
• ചുങ്കത്തറയില്‍ ഫാം ടൂറിസം പദ്ധതിയ്ക്കായി അഞ്ചു കോടി
• ഭിന്നശേഷിക്കാര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ തെറാപ്പി സെന്ററുകള്‍- രണ്ടു കോടി രൂപ
• ട്രാന്‍സ് ജെന്‍ഡേഴ്സിന്റെ പുനരധിവാസവും നവോത്ഥാനവും- 50 ലക്ഷം
• വണ്ടൂര്‍ ഹോമിയോ കാന്‍സര്‍ സെന്ററില്‍ പേ വാര്‍ഡ്- 50 ലക്ഷം
• വാണിജ്യാടിസ്ഥാനത്തില്‍ ഗുണമേന്മയുള്ള മാട്ടിറച്ചി വിതരണ സംവിധാനം- രണ്ടു കോടി
• ‘ജീവിത ശൈലി രോഗ വിമുക്ത ജില്ല’ പദ്ധതിക്ക് 50 ലക്ഷം
• പെരിട്ടൊനിയല്‍ ഡയാലിസിസ് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്- 50 ലക്ഷം
• ഗുണമേന്മയുള്ള വെറ്റില ഉല്‍പാദിപ്പിച്ച് അയല്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതി- ഒരു കോടി രൂപ.
ബജറ്റ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, സെക്രട്ടറി എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.