തിരൂർ ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത്ആധാർ വിവരങ്ങൾ ചോർത്തിയ സംഭവം: സൈബർ ക്രൈമിൽ പരാതി നൽകി

തിരൂർ: ആലിങ്ങലിൽ അക്ഷയകേന്ദ്രം ഹാക്ക് ചെയ്ത് ആധാർ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രം അധികൃതർ ജില്ലാ സൈബർ ക്രൈമിൽ പരാതി നൽകി. 38 ആധാർ കാർഡുകളാണ് ആലിങ്ങലിലെ അക്ഷയകേന്ദ്രത്തിലെ ആധാർ സംവിധാനത്തിൽ നുഴഞ്ഞുകയറി പുറമെ നിന്നുള്ളവർ തയ്യാറാക്കിയത്. ഇന്ത്യയുടെ അതിർത്തി പ്രദേശത്തുനിന്നാണ് ഹാക്കിങ് നടത്തിയതെന്നാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇന്ത്യയിൽ വിലാസമോ രേഖകളോ ഇല്ലാത്തവർക്ക് വേണ്ടിയാകും ഇത് ചെയ്തതെന്നാണ് സൂചന. ചാരപ്രവർത്തനങ്ങൾക്കായാണെന്നും സംശയിക്കുന്നു. ആലിങ്ങലിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിൽ നിന്ന് എൻറോൾ ചെയ്ത 38 എൻട്രികൾ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ ആധാർ കാർഡുകൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 12നാണ് സംഭവം നടന്നത്.

ഇവിടത്തെ അക്ഷയ സെന്ററിലേക്ക് ഡൽഹിയിൽനിന്ന് യു.ഐ.ഡി അഡ്‌മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺകോൾ വന്നു. അക്ഷയയിലെ ആധാർ മെഷീൻ 10,000 എൻറോൾമെന്റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്ന് പറഞ്ഞാണ് വിളിച്ചത്. തുടർന്ന് എനിഡെസ്ക് എന്ന സോഫ്റ്റ് വെയർ കണക്ട് ചെയ്യാൻ നിർദേശിക്കുകയും ഇതോടെ വെരിഫിക്കേഷൻ പൂർത്തിയായെന്നും പറഞ്ഞു. തുടർന്ന് പരിശോധനയുടെ ഭാഗമായി ഒരാളുടെ എൻറോൾമെന്റ് നടത്താൻ ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ അഡ്‌മിനാണെന്ന് പരിചയപ്പെടുത്തിയ ആൾ എല്ലാം ശരിയായെന്നും ജോലി തുടരാനും പറഞ്ഞ് എനിഡെസ്ക് കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. ഈ സമയത്തിനിടെ തിരൂരിലെ അക്ഷയ സെന്ററിലെ ആധാർ മെഷീനിലേക്ക് തട്ടിപ്പുകാർ ആവശ്യമുള്ള ഡാറ്റ കയറ്റിവിട്ടെന്നാണ് സംശയിക്കുന്നത്. ഓരോ ആധാർ എൻറോൾമെന്റും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലൂടെയാണ് കടന്നുപോവുക. ഈ പരിശോധനയിലൂടെയെല്ലാം ഇവ കടന്നുപോവുകയും അന്തിമ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 25 നാണ് തട്ടിപ്പ് പുറത്തായത്.

പരിശോധനയിൽ ഇവ അപ്‌ലോഡ് ചെയ്യതത് തിരൂർ ആലിങ്ങലിലെ ആധാർ മെഷീനിൽ നിന്നാണെങ്കിലും വിരലുകളും കണ്ണും ഉൾപ്പെടെയുള്ള പകർത്തലുകളുടെ ലൊക്കേഷൻ പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആലിങ്ങൽ അക്ഷയ ഉടമ ഹാരിസ് തിരൂർ സി.ഐക്കും പരാതി നൽകിയിട്ടുണ്ട്.

Comments are closed.