തിരൂർ: സിറ്റി ജങ്ഷൻ- അമ്പലകുളങ്ങര റോസ് നവീകരണം പൂർത്തിയാക്കാത്തതിലും നഗരത്തിൽ തെരുവിളക്ക് കത്തിക്കാത്തതിലും പ്രതിഷേധിച്ച് തിരൂർ നഗരസഭാ കൗൺസിൽ യോഗത്തിൽനിന്ന് ഇടതു കൗൺസിലർമാർ ഇറങ്ങിപ്പോയി. നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയ കൗൺസിലർമാർ പ്രതിഷേധ യോഗവും ചേർന്നു.
നഗരസഭയിലെ പത്ത് അങ്കണവാടികൾ ഹൈടെക്കാക്കാനുള്ള ഐ.സി.ഡി.എസ്. സൂപ്പർവൈസറുടെ അപേക്ഷ സ്വീകരിച്ച് അഞ്ച് അങ്കണവാടികൾക്ക് ഓരോലക്ഷം രൂപ വീതം അനുവദിച്ചു. ഇതിൽ രണ്ടെണ്ണം ഇടത് കൗൺസിലർമാരുടെ വാർഡിലേക്ക് വേണമെന്ന വാദം ആദ്യം നിഷേധിച്ചുവെങ്കിലും പിന്നീട് അനുവദിച്ചു. ഇത് യു.ഡി.എഫ്. കൗൺസിലർമാരിൽ അമർഷമുണ്ടാക്കി. കൗൺസിൽ യോഗം തീരുംമുൻപ് ലീഗ് കൗൺസിലർ വി.പി. ഹാരിസ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഹാരിസിന്റെ വാർഡിലെ അങ്കണവാടിയുടെ പേര് പരിഗണനയ്ക്ക് വന്നെങ്കിലും പിന്നീട് ഈ ഫണ്ട് ഇടതുപക്ഷത്തിന് നൽകി അനുനയിപ്പിക്കുകയായിരുന്നു.
നഗരസഭാ അനക്സ് കെട്ടിടനിർമ്മാണം വർഷങ്ങളേറെയായിട്ടും തുടങ്ങാത്തതിനെ ബി.ജെ.പി. കൗൺസിലർ നിർമ്മല കുട്ടിക്കൃഷ്ണൻ വിമർശിച്ചു. റോഡ് വികസനത്തിന് സ്ഥലം കൊടുത്തില്ലെന്നാരോപിച്ച് മന്ത്രി വി. അബ്ദുറഹ്‌മാനെതിരേ യു.ഡി.എഫ്. നടത്തുന്ന പ്രതിഷേധപ്രചാരണം അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് പ്രതിപക്ഷനേതാവ് എസ്. ഗിരീഷ് പറഞ്ഞു.
Comments are closed.