ജില്ലയിൽ ആറ് ഐസൊലേഷൻ വാർഡുകളും അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളും ഇന്ന് നാടിന് സമർപ്പിക്കും

മലപ്പുറം: ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളുടെയും സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനായി സജ്ജീകരിച്ച ആറ് ഐസൊലേഷൻ വാർഡുകളുടെയും ഉദ്ഘാടനം ഇന്ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി അതത് ആരോഗ്യസ്ഥാപനങ്ങളിൽ പ്രാദേശിക പരിപാടികളും സംഘടിപ്പിക്കും. കരുവാരകുണ്ട്, ഓമാനൂർ, തവനൂർ, താനൂർ, നെടുവ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പൊന്നാനി ഡബ്ല്യു ആന്റ് സി എന്നിവിടങ്ങളിലെ ഐസൊലേഷൻ വാർഡുകളും നിലമ്പൂർ ബീരാൻ കോളനി, പൊന്നാനിയിലെ പുതുപൊന്നാനി, വണ്ടിപ്പേട്ട, തിരൂരിലെ ഇല്ലത്തപ്പാടം, നടുവിലങ്ങാടി തുടങ്ങിയ നഗരജനകീയാരോഗ്യകേന്ദ്രങ്ങളുമാണ് ഉദ്ഘാടനം ചെയ്യുന്നത്. എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തിയാണ് ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മിച്ചിട്ടുള്ളത്. കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് നിർമാണ മേൽനോട്ട ചുമതല.

Comments are closed.