പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. പാലക്കാട് സ്വദേശി വി. സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ്. കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സുധാകരനെ പിടികൂടിയത്. വിലകൂടിയ വിദേശ മദ്യവും ചോക്ലേറ്റുകളും പെർഫ്യൂമുകളും സുധാകരൻ കൈക്കൂലിയായി കൈപ്പറ്റിയ ദൃശ്യങ്ങൾ പരാതിക്കാരൻ വിജിലൻസിന് കൈമാറിയിരുന്നു.
ഹൈക്കോടതി ഉത്തരവ് സഹിതം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ടും അര ലക്ഷം രൂപ കൈക്കൂലി ചോദിച്ച് വാങ്ങവെയാണ് തഹസീൽദാര്‍ സുധാകരൻ പിടിയിലാകുന്നത്. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്റെ ഒരേക്കർ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ വർഷം അവസാനത്തോടെ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പടക്കം താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്ന് പല പ്രാവശ്യം ഭൂരേഖ തഹസീൽദാറായ സുധാകരനെ സമീപിച്ചപ്പോഴും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് അങ്ങനെ പെട്ടെന്നൊന്നും തരാൻ സാധിക്കില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും വലിയൊരു പദ്ധതിക്കുവേണ്ടി ആയതിനാൽ ചെലവ് ചെയ്യേണ്ടി വരുമെന്നും അറിയിച്ചു. തുടർന്ന് പരാതിക്കാരൻ ഫോണിൽ സുധാകരനെ വിളിച്ചപ്പോൾ 50,000 രൂപ കൈക്കൂലിയുമായി ശനിയാഴ്ച വൈകിട്ടോടെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടു.
പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി.എം. ദേവദാസിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഭൂരേഖ തഹസീൽദാർ ഓഫീസിൽ ലഭിച്ച 50,000 രൂപ സഹിതം കൈയോടെ പിടികൂടുകയും ആയിരുന്നു.
Comments are closed.