ട്രെക്കിംഗും ക്യാമ്പിങ്ങും ഇഷ്ടപ്പെടുന്നവർക്ക് മനസ്സറിഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന ഇടമാണ് വയനാട് ജില്ലയിലെ ചെമ്പ്ര പീക്ക്. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 6500 ലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചെമ്പ്ര മലയുടെ മുകളിലുള്ള ഹൃദയ തടാകത്തിലേക്കുള്ള ട്രെക്കിങ് സഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം. വിശദ വിവരങ്ങൾ അറിയാം.
📌എങ്ങനെ എത്തിച്ചേരാം
വയനാട് ജില്ലയിലെ കൽപ്പറ്റ അങ്ങാടിയിൽ നിന്ന് മാറി മേപ്പാടിക്കടുത്താണ് ചെമ്പ്ര സ്ഥിതി ചെയ്യുന്നത്. മേപ്പാടിയിൽ നിന്നും ചെമ്പ്ര എസ്റ്റേറ്റ് റോഡിലൂടെ കുറച്ചു ദൂരം മുന്നോട്ട് പോയാൽ ചെമ്പ്ര ട്രെക്കിങ് ഓഫീസിനടുത്തെത്താം. വനം വകുപ്പിന്റെ കീഴിലാണ് നിലവിൽ ചെമ്പ്ര മലയിലേക്കുള്ള ട്രെക്കിങ് സംഘടിപ്പിക്കുന്നത്
📌സമയം
എല്ലാ ദിവസവും രാവിലെ 7 മണി മുതൽ 12 മണി വരെയാണ് ട്രെക്കിങ് അനുവദിക്കുന്നത്. നേരത്തേ എത്താൻ ശ്രമിക്കുക.
📌ടിക്കറ്റ് നിരക്ക്
എട്ട് പേരടങ്ങുന്ന ടീമുകളായാണ് നിലവിൽ പ്രവേശനം നൽകുന്നത്. 8 പേർക്ക് ടാക്സ് അടക്കം 900 രൂപയുടെ അടുത്താണ് ടിക്കറ്റ് ചാർജ്. കാമറ, വാട്ടർ ബോട്ടിൽ എന്നിവക്ക് പ്രത്യേകം പണമടക്കണം. വെള്ളക്കുപ്പി ട്രക്കിങ്ങിനു ശേഷം തിരിച്ചേൽപ്പിച്ചാൽ ആ പണം തിരിച്ചു നൽകും (മല മുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കാനുള്ള വനം വകുപ്പിന്റെ മികച്ച തീരുമാനങ്ങളിൽ ഒന്ന് )
8 പേരിൽ കുറവ് ആണെങ്കിലും ടിക്കറ്റ് ചാർജ് ഒരേപോലെയാണ്. അതിനാൽ തനിച്ചു വരുന്നവരും രണ്ടോ മൂന്നോ ആളുകളായി വരുന്നവരും നേരത്തെ കൗണ്ടറിൽ എത്തി ഒരു ടീമിനെ സെറ്റ് ആക്കി ഒരുമിച്ച് ടിക്കറ്റ് എടുത്താൽ ടിക്കറ്റ് കാശ് കുറക്കാം
📌പ്രധാന ആകർഷണങ്ങൾ
ആറായിരം അടിയിലേറെ ഉയരത്തിലുള്ള മല ആയതിനാൽ അതിമനോഹരമായ വിദൂര ദൃശ്യങ്ങൾ മല മുകളിൽ നിന്ന് കാണാൻ സാധിക്കും. ചെമ്പ്ര മലയുടെ ഏറ്റവും മുകൾ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൃദയ താടാകവും മുഖ്യ ആകർഷണങ്ങളിൽ ഒന്ന് തന്നെയാണ്. തെരുവപുല്ലുകൾ നിറഞ്ഞ മലമേടുകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരേ സമയം കൗതുകവും സാഹസവും നിറഞ്ഞതാണ്. ഏകദേശം 3 മണിക്കൂർ ദൈർഘ്യമുള്ളതാണ് ചെമ്പ്ര മല ട്രെക്കിങ്
📌
കനത്ത ചൂടുള്ള സമയങ്ങളിൽ (ഏപ്രിൽ, മെയ്) മാസങ്ങളിൽ ചെമ്പ്ര പീക്ക് അടച്ചിടും.
Comments are closed.