കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

മലപ്പുറം: കേന്ദ്രാവിഷ്കൃത പദ്ധതി പ്രവൃത്തികളുടെ നിര്‍വ്വഹണം തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്പു തന്നെ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും കൈക്കൊള്ളണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) ‌അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതശൈലീ രോഗനിയന്ത്രണത്തിനായി ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടി സ്വാഗതാര്‍ഹമാണെന്നും പദ്ധതി ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുവാന്‍ പൊതുപ്രവര്‍ത്തകരും, സന്നദ്ധപ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും കൈകോര്‍ക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു.
ജില്ലയില്‍ വിവിധ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്നുണ്ടെങ്കിലും ജല്‍ ജീവന്‍ മിഷന്‍ പ്രവൃത്തി നടപ്പാക്കുന്നതിലെ കാലതാമസം പൊതുജനങ്ങള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് അഡ്വ.യു.എ.ലത്തീഫ്.എംഎല്‍.എ അഭിപ്രായപ്പെട്ടു. ജല്‍ ജീവന്‍ മിഷന്‍ പ്രതിനിധികളുടെയും, ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആർ വിനോദ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ ടാര്‍ഗറ്റ് ലഭ്യമാകാത്തതിനാല്‍ ബ്ലോക്ക്,ഗ്രാമ,ജില്ലാ പഞ്ചായത്ത് വിഹിതം വിനിയോഗിക്കാനാവാതെ ലൈഫ് പദ്ധതിയിലേക്ക് മാറ്റേണ്ട അവസ്ഥയാണെന്നും, ടാര്‍ഗറ്റ് ലഭ്യമാകാനുള്ള നടപടിയുണ്ടാകണമെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അബ്ദുറഹ്മാന്‍ കാരാട്ട് ആവശ്യപ്പെട്ടു.
പി.എം.എ.വൈ പദ്ധതിയില്‍ അടിയന്തിരമായ ഇടപെടലുകള്‍ നടത്തണമെന്നും, പി.എം.ജി.എസ്സ്.വൈ, എം.പി ലാഡ്സ് എന്നിവയില്‍ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും എം.പി ലാഡ്സില്‍ ഭരണാനുമതി നല്‍കാനവശേഷിക്കുന്നവ അടിയന്തിരമായി ഭരണാനുമതി നല്‍കി മാതൃകാ പെരുമാറ്റചട്ടം വരുന്നതിന് മുമ്പേ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കൈക്കൊള്ളണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളായ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്, പി.എം.എ.വൈ, പി.എം.കെ.എസ്.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, ജെ.ജെ.എം, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി. എന്‍.എച്ച്.എം.പദ്ധതികള്‍, ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഐ.സി.ഡി.എസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍, പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയുടെ പുരോഗതി അവലോകനം നടത്തി.
യോഗത്തില്‍ അഡ്വ.യു.എ.ലത്തീഫ് എം. എൽ. എ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ , അസി. കളക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, എ.എസ്.പി പി.ബി കിരണ്‍, ഡി.ആര്‍.ഡി.എ പ്രൊജക്ട് ഡയറക്ടര്‍ ബി.എല്‍.ബിജിത്ത്, മലപ്പുറം എം.പിയുടെ പ്രതിനിധി ഫക്രുദ്ദീന്‍ അലി, എം.എല്‍.എ.മാരുടെ പ്രതിനിധികള്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍ , ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത്- നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ:
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായുള്ള ജില്ലാതല കോ ഓർഡിനേഷൻ &മോണിറ്ററിങ് സമിതി (ദിശ )യോഗം

Comments are closed.