മലപ്പുറം: ജില്ലയിലെ 111 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജനുവരി 30, ഫെബ്രുവരി 3,5,13,20 തീയതികളിലായി ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗങ്ങളിലാണ് വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ജില്ലയിലെ 122 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 117 തദ്ദേശ ഭരണ സ്ഥാപനങ്ങൾ 2024-25 വാർഷിക പദ്ധതി ഓൺലൈനായി സമർപ്പിച്ചെങ്കിലും രേഖകളുടെ പരിശോധന പൂർത്തീകരിക്കാത്ത പെരിന്തൽമണ്ണ, മലപ്പുറം എന്നീ നഗരസഭകളുടെയും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെയും പൊന്മുണ്ടം, തേഞ്ഞിപ്പലം, മക്കരപ്പറമ്പ് എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും ഒഴികെയുള്ള 87 ഗ്രാമ പഞ്ചായത്തുകളുടേയും ഒമ്പത് നഗരസഭകളുടേയും 14 ബ്ലോക്ക് പഞ്ചായത്തുകളുടേയും ജില്ലാ പഞ്ചായത്തിന്റേയും വാർഷിക പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കുറുവ, കുറ്റിപ്പുറം, പെരുമണ്ണ ക്ലാരി, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തുകളും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടക്കൽ നഗരസഭയും ഓൺലൈൻ മുഖേന ഇതുവരെ വാർഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിച്ചിട്ടില്ല.
2023-24 സാമ്പത്തിക വർഷത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗവും ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി. 41.44% ചെലവഴിച്ച് മലപ്പുറം ജില്ല സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്താണ്. ജില്ലാ പഞ്ചായത്തുകളിൽ 49.27% ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. നഗരസഭകളിൽ 54.19% ചെലവഴിച്ച് പെരിന്തൽമണ്ണ നഗരസഭ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനത്തും 53.17% ചെലവഴിച്ച് പൊന്നാനി നഗരസഭ നാലാം സ്ഥാനത്തുമാണ്. ഗ്രാമപഞ്ചായത്തുകളിൽ 57.05% ചെലവഴിച്ച തിരുവാലി ഗ്രാമപഞ്ചായത്ത് സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനത്താണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 51.25% ചെലവഴിച്ച മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ 22ാം സ്ഥാനത്തുമാണ്.
2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ എത്രയും പെട്ടെന്ന് ചെലവഴിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. ജില്ലാ ആസൂത്രണസമിതി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ഡി.പി.സി മെംബർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു
Next Post
Comments are closed.