ആഢ്യന്‍പാറ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്ക് വസ്ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യം പോലും ഇവിടെയില്ല
നിലമ്പൂർ: ജില്ലയിലെ ആദ്യത്തെ ജലടൂറിസം കേന്ദ്രമായ ആഢ്യന്‍പാറയിലെ വെള്ളച്ചാട്ടവും ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഹൈഡല്‍ ടൂറിസത്തിലെ ടിക്കറ്റ് നിരക്കും കുത്തനെ വർധിപ്പിച്ചു.
വെറും പത്ത് രൂപയായിരുന്ന ചാര്‍ജാണ് 30 രൂപയായി വര്‍ധിപ്പിച്ചത്. 20 രൂപ ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രത്തിനും 10 രൂപ ഹൈഡല്‍ ടൂറിസത്തിനുമാണ് ഈടാക്കുന്നത്. അവധി ദിവസങ്ങളിലുള്‍പ്പെടെ നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും തണുപ്പുള്ള വെള്ളത്തില്‍ കുളിക്കാനുമായി ഇവിടെ എത്തുന്നത്.
ടൂറിസം വകുപ്പിന് കീഴിലാണ് ആഢ്യന്‍പാറ ജല ടൂറിസം കേന്ദ്രമുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വസ്ത്രങ്ങള്‍ മാറുന്നതിനുള്ള സൗകര്യം പോലും ഇവിടെയില്ല. ഇതിനായി ഒരുക്കിയിരുന്ന മുറികള്‍ നിലവില്‍ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സ്റ്റോക്ക് റൂമാക്കി മാറ്റിയിരിക്കുകയാണ്. കുളിക്കാന്‍ ഇവിടെ ഒരു ഭാഗത്ത് മാത്രമാണ് വിനോദ സഞ്ചാരികള്‍ക്ക് അനുമതിയുള്ളത്.
അതിനാല്‍ തന്നെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വസ്ത്രങ്ങള്‍ മാറുന്നതിന് സുരക്ഷിതവും വൃത്തിയുമുള്ള അടച്ചുറപ്പുള്ള സംവിധാനം അനിവാര്യമാണ്. മാസം തോറും ലക്ഷക്കണക്കിന് രൂപയാണ് ടിക്കറ്റ് വരുമാനത്തിലൂടെ ജില്ലാ ടൂറിസം കേന്ദ്രത്തിലേക്ക് എത്തുന്നത്. ഇതില്‍ കുറഞ്ഞ ഒരു തുക നീക്കിവച്ചാല്‍ വിനോദ സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധിക്കും. എന്നാൽ ഇതൊന്നും നടപ്പാക്കാതെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്.
Comments are closed.