ചായക്കടയിലെ പഴംപൊരിയുടെ രുചിയെ ചൊല്ലി തർക്കം, ഒടുവിൽ കത്തിക്കുത്ത്; ഒരാൾ അറസ്റ്റിൽ

വർക്കല: ചായക്കടയിൽ പഴംപൊരിയുടെ രുചി കുറഞ്ഞതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ 26കാരനായ രാഹുലിനാണ് കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ സലാമിൽ ഐസക് എന്നുവിളിക്കുന്ന അൽത്താഫി (38)നെ വർക്കല പോലീസ് അറസ്റ്റുചെയ്തു. മേൽവെട്ടൂർ ജംഗ്ഷനിലെ ചായക്കടയിൽ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. ചായക്കടയിൽനിന്നു പഴംപൊരി വാങ്ങിക്കഴിച്ച രാഹുൽ അതിന്റെ രുചിക്കുറവിനെക്കുറിച്ച് കട നടത്തിപ്പുകാരനോടു തർക്കിച്ചു. കടയിൽ ചായ കുടിക്കുകയായിരുന്ന അൽത്താഫ് പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് രാഹുലും അൽത്താഫും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ഇതിനിടെ അൽത്താഫ് കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രാഹുലിന്റെ മുതുകത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Comments are closed.