തിരൂർ നഗരസഭാ ബജറ്റ്: അമൃത് പദ്ധതിക്ക് 25 കോടി രൂപയും വാഗൺ ട്രാജഡി സ്മാരക ചരിത്ര- കാർഷിക മ്യൂസിയം നിർമാണത്തിന് 50 ലക്ഷം രൂപ വകയിരുത്തി

തിരൂർ : 63കോടി 87ലക്ഷം രൂപ വരവും 52 കോടി 81 ലക്ഷം രൂപ ചെലവും 11.05 കോടി മിച്ചവും കാണിക്കുന്ന തിരൂർ നഗരസഭയുടെ 2024-25 വർഷത്തേക്കുള്ള ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ രാമൻകുട്ടി പാങ്ങാട്ട് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു. ഗാർഹിക വ്യക്തിഗത കുടിവെള്ള കണക്‌ഷൻ അമൃത് പദ്ധതിക്ക് 25 കോടി രൂപ വകയിരുത്തി. രാജീവ് ഗാന്ധി സ്മാരക സ്റ്റേഡിയത്തിന്റെ സമഗ്ര പരിഷ്കരണത്തിന് അഞ്ച് കോടി രൂപയും നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനിക രീതിയിലുള്ള മത്സ്യ മൊത്ത വ്യാപാരകേന്ദ്രം നിർമിക്കാൻ മൂന്നുകോടി രൂപയും വകയിരുത്തി.

വാഗൺ ട്രാജഡി സ്മാരക ചരിത്ര- കാർഷിക മ്യൂസിയം നിർമാണത്തിന് 50 ലക്ഷം രൂപയും കാടായി തോട് നവീകരണത്തിന് രണ്ടു കോടി രൂപയും വകയിരുത്തി. വ്യാപാര സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നഗര സൗന്ദര്യവത്കരണത്തിന് അഞ്ചുലക്ഷം രൂപയും ആയുർവേദ ഹോസ്പിറ്റലിന് സ്വന്തം കെട്ടിടം പണിയാൻ 50 ലക്ഷം രൂപയും ഇൻഡോർ സ്റ്റേഡിയവും ഓപ്പൺ ജിമ്മും നിർമിക്കാൻ അഞ്ചുലക്ഷം രൂപയും നഗരസഭയിൽ എംപ്ലോയബിലിറ്റി സെന്ററിന് ഒരു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സ്വപ്നനഗരി ഇക്കോ ടൂറിസം പാർക്കിന് ഒരു കോടി രൂപയും വകയിരുത്തി.

കളിപ്പൊയ്ക ഫിഷ് അക്വേറിയത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ബി.പി.എൽ. വിഭാഗങ്ങൾക്കു പാർപ്പിട പദ്ധതി അർബുദ, വൃക്കരോഗികൾക്ക് ചികിത്സാ സഹായം, കിടപ്പു രോഗികൾക്ക് പരിരക്ഷ തുടങ്ങിയ പദ്ധതികളും ഈ വർഷത്തെ ബജറ്റിലുണ്ട്. യോഗത്തിൽ നഗരസഭാധ്യക്ഷ എ.പി. നസീമ അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. സലാം ബജറ്റിനെ പിന്താങ്ങി. ബജറ്റിൻമേലുള്ള ചർച്ച ചൊവ്വാഴ്ച നടക്കും.

നഗരസഭാ ബജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ് പറഞ്ഞു. നഗരസഭ അതീവ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുമ്പോൾ ധനകാര്യ മാനേജ്മെന്റിൽ വീഴ്ചവന്ന് കേന്ദ്രഫണ്ട് നഷ്ടമായ നഗരസഭ ഇതിൽനിന്ന് മോചനത്തിന് ബജറ്റിൽ യാതൊരു പദ്ധതിയും വെച്ചിട്ടില്ല. നഗരവികസനത്തിന് ബജറ്റിൽ യാതൊരു പുതിയ പദ്ധതിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.