61 സ്റ്റാളുകൾ അധികമായി സ്ഥാപിച്ചു: ഗാൽബിസ് ബസാർ സംഘാടകർ മാപ്പപേക്ഷ നൽകി, പരിശോധനകൾക്ക് ശേഷം തുടർനടപടിയെന്ന് നഗരസഭ

പെരിന്തൽമണ്ണ: ‘ മാനത്തുമംഗലം ബൈപ്പാസിൽ എക്സ്പോ ഗ്രൗണ്ടിൽ ഗാൽബിസ് ബസാർ സംഘടിപ്പിച്ച പ്രദർശനമേളയ്ക്ക് നൽകിയ അനുമതിയിലെ നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ പെരിന്തൽമണ്ണ നഗരസഭ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സംഘാടകർ മറുപടിനൽകി. അറിവില്ലാതെ സംഭവിച്ചതാണെന്ന് അറിയിച്ചതിനൊപ്പം മാപ്പപേക്ഷയും നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘാടകരുടെ വാദങ്ങളും പരിഗണിച്ചശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് നഗരസഭാ ക്ലീൻസിറ്റി മാനേജർ അറിയിച്ചു. രണ്ടു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച നോട്ടീസ് നൽകിയിരുന്നത്. ബൈപ്പാസിന് സമീപത്തെ എക്സ്‌പോ മൈതാനത്ത് മൂന്നു ദിവസത്തെ താത്കാലിക വ്യാപാരത്തിനായി 34 സ്റ്റാളുകൾ ഉൾപ്പെടുത്തി വ്യാപാരം നടത്തുന്നതിനാണ് തിരൂർക്കാട് സ്വദേശിക്ക് നഗരസഭ അനുമതി നൽകിയിരുന്നത്.
എന്നാൽ ഇവിടെ 61 സ്റ്റാളുകൾ അധികമായി സ്ഥാപിക്കുകയും, മതിയായ സുരക്ഷാ- മാലിന്യ സംസ്കരണ സംവിധാനങ്ങളോ, ശൗചാലയ സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ലെന്ന് നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു വിവിധ മുനിസിപ്പൽ വകുപ്പുകളുടെയും മറ്റും ലംഘനമാണെന്നും ശിക്ഷാനടപടികളും ചൂണ്ടിക്കാട്ടി നോട്ടീസ് നൽകിയിരുന്നത്. പ്രദർശനമേളയുടെ സമാപന ദിവസമായ ഞായറാഴ്ച രാത്രി അനുമതിയില്ലാതെ സംഗീതപരിപാടി വെയ്ക്കുകയും, സംഘർഷത്തിൽ അക്രമാസക്തരായ ജനം ശബ്ദസംവിധാനങ്ങളും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘാടകർ ഉൾപ്പെടെ 15 പേരെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

Comments are closed.