തിരൂർ : അപ്രോച്ച് റോഡ് നിർമാണം വൈകിയതിനാല്‍ ഗതാഗത യോഗ്യമാകാതിരുന്ന തിരൂർ സിറ്റി ജങ്ഷൻ റെയില്‍വേ മേല്‍പ്പാലം ഈ മാസം 17ന് ഔദ്യോഗികമായി തുറന്ന് കൊടുക്കും.
തിരൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് പാലംപണി പൂർത്തിയാവും മുമ്ബ് അധികൃതരുടെ അനുമതിയില്ലാതെ അജ്ഞാതർ തുറന്നുകൊടുത്തത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരാതിപ്പെട്ടതോടെ തിരൂർ പൊലീസെത്തി പാലം അടക്കുകയും ചെയ്തു. പിന്നീടും സമാന സംഭവം ആവർത്തിച്ചിരുന്നു. 2018 ലാണ് പാലത്തിന്റെ നിർമാണം പൂർത്തിയായത്. എന്നാല്‍, അപ്രോച്ച് റോഡിന് ഫണ്ടില്ലാത്തതിനാല്‍ പണി നീണ്ടു പോവുകയായിരുന്നു. പഴയ മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നുപോവുന്ന ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ വൈകിയതും നിർമാണം വേഗത്തില്‍ പൂർത്തിയാക്കാൻ തടസ്സമായി.
ഇതേതുടർന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരൂരിലെത്തി കുറുക്കോളി മൊയ്തീൻ എം.എല്‍.എയുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അപ്രോച്ച് റോഡ് നിർമാണത്തിനായി ഭരണാനുമതി നല്‍കിയത്.
മൂന്നു കോടി 60 ലക്ഷം രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചത്. തിരൂർ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് 92 മീറ്ററും സിറ്റി ജങ്ഷൻ ഭാഗത്തേക്ക് 19 മീറ്ററുമാണ് അപ്രോച്ച് റോഡിന്റെ നീളം. ഫെബ്രുവരി 17ന് വൈകീട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എല്‍.എ അറിയിച്ചു.
Comments are closed.